Wednesday, July 9, 2008

ഹോ!....... ഈ പെണ്‍‌കുട്ടികള്‍ , ഭയങ്കരികളാ..!

ഇത്തവണ പരിഭവക്കുട്ടി അവനോട് മുഖം വീര്‍പ്പിച്ചപ്പോള്‍ അവന്‍ പറഞ്ഞു..
"നമ്മള്‍ വെക്കുന്ന വീടിന്റെ ഭിത്തികള്‍ കാറ്റുകൊണ്ടാവും അതിന്റെ മേല്‍ക്കൂര നിലാവിനാല്‍ നിര്‍മ്മിക്കാം".
അവള്‍ കൗതുകത്തോടെ മുഖമുയര്‍ത്തുന്നകണ്ടപ്പോള്‍ അവന്‍ നിറചിരിയോടെ പറഞ്ഞൂ:" അതിന്റെ വാതിലുകള്‍ നമുക്ക് ചന്ദന ഗന്ധത്താല്‍ പണിയാം തറകള്‍ മാന്തളീര്‍ കുളിരാല്‍ പാകാം...ജനല്‍ കര്‍ട്ടനുകള്‍ പനിനീര്‍ നിറത്താല്‍ തൂക്കാം... അവിടെ നീയും ഞാനും മാത്രം..!"
അവനിലെ കാമുകന്‍ സംതൃപ്തിയോടെ അവളുടെ മിഴിയിലെ പ്രേമം നുകരാന്‍ തുടങ്ങവേ, അവള്‍ പറഞ്ഞു തുടങ്ങി."നിന്റെ മോഹങ്ങള്‍ ഞാന്‍ ചോറായ് വേവിക്കാം സ്വപ്നങ്ങള്‍ കൊണ്ടൊരു തോരന്‍,പ്രതീക്ഷകള്‍ നുറുക്കി ഒരു മൊളോഷ്യം... എന്നിട്ട് എന്റെ പ്രണയത്തിന്റെ വാഴയിലയില്‍ ഞാനതു വിളമ്പിത്തരാം...!"
അവന്‍ ആഹ്ലാദത്തോടെ അവളെ പുല്‍കാനാഞ്ഞപ്പോള്‍ അവള്‍ മുയല്‍ ശൗര്യത്തോടേ കുതറിപ്പിടഞ്ഞു മാറി പ്പറഞ്ഞൂ:
"ഊണു കഴിഞ്ഞു, മോന്‍ ഈ ഇല എടുത്തു കളഞ്ഞിട്ടു വീട്ടില്‍ പോ...."!!!

No comments: