Saturday, August 2, 2008

മാന്തളീര്‍..

മാവിന്‍ ചുവട്ടില്‍ വീണുകിടക്കുന്ന തളിരിലകളെ ചവിട്ടി നടക്കാന്‍ അന്നൊക്കെ മനസ്സില്‍ എന്തു വിഷമമായിരുന്നു. എന്തിനാണിങ്ങനെ ഇവ മുറിഞ്ഞു വീഴുന്നത്?
പതിയെ ഒരു തളിരെടുത്തു കവിളില്‍ വെച്ചപ്പോള്‍ കവിളിലൊരിക്കിളീ, കണ്ണില്‍ വെച്ചപ്പോള്‍ മാന്തളിരിനൊരിക്കിളീ!.
മൂക്കിന്‍ തുമ്പില്‍ എത്തിയപ്പോള്‍ നനുത്ത സുഗന്ധം , അതു നുകര്‍ന്നപ്പോള്‍ എന്തേ അവളുടെ കണ്ണുകള്‍ അടഞ്ഞിരുന്നു.?
"കുയിലിന്റെ ശബ്ദം ഇത്രക്കു മധുരമായ് തീരുന്നതു മാന്തളിര്‍ തിന്നുന്നതിനാലാ.. നീയും മാന്തളിര് തിന്നാറുണ്ടോ കൊച്ചേ ?"എന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു പരിഭവം, ഹേയ് അതു വെറുതെയാ എന്നെ കാണിക്കാന്‍, എന്നെ മാത്രം കാണിക്കാനുള്ള ഒരു പരിഭവം..!
'കള്ളക്കുട്ടിയെന്നു' പറഞ്ഞ് ആ മന്തളിര്‍ കവിളില്‍ ഒരു നുള്ള്, ഹോ വേണ്ട.. അതെങ്ങാനും പൊഴിഞ്ഞു വീണാല്‍ ഞാന്‍ പിന്നെ എന്തോ ചെയ്യും..?
കാലങ്ങള്‍ക്കു ശേഷം മാന്തളീര്‍ വീണ വഴികള്‍ തേടി ഞാന്‍ നടന്നു, ഇല്ലാ കണ്ടില്ലാ. വലിയ നാട്ടുമാവുകളെല്ലാം പോയല്ലോ....നടപ്പാതയില്‍ പോലും പ്രണയം വിതറിയിരുന്ന മാന്തളീര്‍.!
നിനക്കൊരു ഫ്രൂട്ടിയുടെ മണം, രുചി, ഹേയ് അതു ഞാനല്ലാ.. ആ ബൈക്കിലിരുന്നു കിന്നാരം പറയുന്ന കീറിയ ജീന്‍സിട്ട ആ പയ്യനാ.......!

Wednesday, July 9, 2008

അമ്മ..

തേങ്ങാ മുറി ചുറ്റും കടിച്ച് തിന്നിരിക്കുന്നു. അമ്മയ്ക്കു നല്ല ദേഷ്യം വന്നപ്പോഴാണു മക്കളെ വിളിച്ച് ചോദ്യംചെയ്തതു.ലളിതമായ ഒരു കുറ്റസമ്മതം മതി,അമ്മ ഒരു വഴക്കു പറച്ചിലില്‍ ഒതുക്കുമായിരുന്നു. എന്നാല്‍ മൂന്നുപേരും സമ്മതിക്കാതിരുന്നപ്പൊഴാണല്ലോ അവരെ മുട്ടില്‍ നിര്‍ത്തിയതും സത്യം പറയും വരെ കഞ്ഞിതരില്ലാ എന്നു അന്ത്യശാസനം പ്രഖ്യാപിച്ചതും.
അനിയനോട് ചേട്ടന്‍ പറഞ്ഞൂ:'എടാ നീയല്ലേ അതു ചെയ്യ്തേ സമ്മതിക്കടാ, സിനിക്കുട്ടിയുടെ മുഖം കണ്‍ടില്ലേ അവള്‍ക്ക് നന്നായ് വേദനിക്കുന്നുണ്ടാവും.'
അവന്‍ കല്ലിനു കാറ്റുപിടിച്ചപോലെ ഒറ്റ നില്പ്പ്..അനിയത്തിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയപ്പോള്‍ ചേട്ടന്‍ രണ്ടും കല്പിച്ച് അമ്മയോടു പറഞ്ഞൂ:
'ഞാനാ അമ്മേ.'
കൈലിരുന്ന കയിലു കൊണ്ട് അമ്മ ഒറ്റയടി...
വേദനിച്ചോ ? ഉം.
വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പൊള്‍ അനിയന്‍ ഒരു തമാശപോലെ പറഞ്ഞൂ:
"അന്നു തേങ്ങാ കട്ടു തിന്നതു ഞാനാ അടി കിട്ടിയതും ചേട്ടനും".
എല്ലാരും നിറഞ്ഞു ചിരിച്ചു.
'ടപ്പോ'
അമ്മ കൈലിരുന്ന തവിക്ക് പോലീസ് ചെക്കനിട്ട് ഒറ്റയടി.എന്നിട്ട് ചേട്ടനെ ഒരു നോട്ടം നോക്കി.
അവന്റെ ജീവിതം എന്നും ധന്യമാക്കുന്ന ഒരു നോട്ടം.

അച്ഛന്‍...........സുസ്നേഹമൂര്‍ത്തി

ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. അപ്പോഴാണു ദീജ വിളിച്ചത്. എനിക്ക് സംസാരിക്കാന്‍ ഒട്ടുമേ താല്പര്യം ഇല്ലായിരുന്നു. മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരുന്ന എന്നെ വിളിച്ചുണര്‍ത്തിയ അവരോട് എനിക്ക് അല്പം ദേഷ്യം തോന്നുകയും ചെയ്യ്തു. എന്നാല്‍ അവരുടെ ആര്‍ദ്രമായ സ്വരം എന്നില്‍ ആഴ്ന്നിറങ്ങി. സാധാരണ കുശലവാക്കുകള്‍ക്കപ്പുറം എന്തെങ്കിലും പറയാനുണ്ടാവു‌മ്പോഴാണു അവര്‍ വിളിക്കാറ്..ഇന്ന് അവര്‍ സംസ്സാരിച്ചതു അവരുടെ അച്ഛനെക്കുറിച്ച്.
"അച്ഛന്‍ , സ്നേഹക്കൂടായിരുന്നു മനോജ്, ഞങ്ങള്‍ മക്കളെ എന്തിഷ്ടായിരന്നൂന്നോ. കവിതകള്‍ ഉച്ചത്തില്‍ ചൊല്ലിയിരുന്നു അച്ന്‍. ഞാന്‍ അതു കേട്ട് കണ്ണടച്ചിരിക്കുമായിരുന്നുട്ടോ.. ഊണുകഴിക്കു‌മ്പോള്‍ ഏഴു ഉരുളകള്‍ ഞങ്ങള്‍ കുട്ടികള്‍ക്കും അമ്മക്കും ...ഒരു മുട്ടപുഴുങ്ങിക്കൊടുത്താല്‍ പോലും അച്ഛന്‍ അതു ഏഴായ് പങ്കുവെച്ചു തരുമായിരന്നു.എന്തൊരു സ്വാദായിരുന്നു അതിന്. ഞങ്ങള്‍ ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു അച്ഛനെക്കാത്ത്.. "
പിന്നീട് ഞാന്‍ അവരുടെ കരച്ചില്‍ കേട്ടു ഫോണലൂടെ...
എന്റെ നെഞ്ചില്‍ എന്റെ അച്ഛന്‍ എരിയാന്‍ തുടങ്ങിയിരുന്നു..സ്നേഹമൂര്‍ത്തി.....

ഹോ!....... ഈ പെണ്‍‌കുട്ടികള്‍ , ഭയങ്കരികളാ..!

ഇത്തവണ പരിഭവക്കുട്ടി അവനോട് മുഖം വീര്‍പ്പിച്ചപ്പോള്‍ അവന്‍ പറഞ്ഞു..
"നമ്മള്‍ വെക്കുന്ന വീടിന്റെ ഭിത്തികള്‍ കാറ്റുകൊണ്ടാവും അതിന്റെ മേല്‍ക്കൂര നിലാവിനാല്‍ നിര്‍മ്മിക്കാം".
അവള്‍ കൗതുകത്തോടെ മുഖമുയര്‍ത്തുന്നകണ്ടപ്പോള്‍ അവന്‍ നിറചിരിയോടെ പറഞ്ഞൂ:" അതിന്റെ വാതിലുകള്‍ നമുക്ക് ചന്ദന ഗന്ധത്താല്‍ പണിയാം തറകള്‍ മാന്തളീര്‍ കുളിരാല്‍ പാകാം...ജനല്‍ കര്‍ട്ടനുകള്‍ പനിനീര്‍ നിറത്താല്‍ തൂക്കാം... അവിടെ നീയും ഞാനും മാത്രം..!"
അവനിലെ കാമുകന്‍ സംതൃപ്തിയോടെ അവളുടെ മിഴിയിലെ പ്രേമം നുകരാന്‍ തുടങ്ങവേ, അവള്‍ പറഞ്ഞു തുടങ്ങി."നിന്റെ മോഹങ്ങള്‍ ഞാന്‍ ചോറായ് വേവിക്കാം സ്വപ്നങ്ങള്‍ കൊണ്ടൊരു തോരന്‍,പ്രതീക്ഷകള്‍ നുറുക്കി ഒരു മൊളോഷ്യം... എന്നിട്ട് എന്റെ പ്രണയത്തിന്റെ വാഴയിലയില്‍ ഞാനതു വിളമ്പിത്തരാം...!"
അവന്‍ ആഹ്ലാദത്തോടെ അവളെ പുല്‍കാനാഞ്ഞപ്പോള്‍ അവള്‍ മുയല്‍ ശൗര്യത്തോടേ കുതറിപ്പിടഞ്ഞു മാറി പ്പറഞ്ഞൂ:
"ഊണു കഴിഞ്ഞു, മോന്‍ ഈ ഇല എടുത്തു കളഞ്ഞിട്ടു വീട്ടില്‍ പോ...."!!!

കണ്ണീര്‍ നനവ്....

മഴ ചാഞ്ഞുപെയ്യതപ്പൊഴാണു ഞാന്‍ ഷട്ടര്‍ താഴ്ത്തിയതും തീവണ്ടി മുറിയിലേക്ക് ശ്രദ്ധിച്ചതും. പുറത്ത് തകര്‍ത്തുപെയ്യുന്ന മഴ, ട്രയിന്റെ താളാത്മക ചലനം.
കാപ്പി കച്ചോടക്കാരന്റെ കൈയില്‍ നിന്നും നല്ല ഒരു കാപ്പി വാങ്ങി മൊത്തി മൊത്തി കുടിക്കവേ, കുറച്ച് ചിപ്പ്‌സ് എനിക്ക് നീട്ടി മണി ചിരിച്ചു. നല്ല ഒരു ചെറുപ്പക്കാരന്‍.
എത്ര വേഗത്തിലാണു 'തീവണ്ടി സുഹൃത്തുക്കള്‍'ഉണ്ടാവുന്നത്.!മണി ഹൈദരാബാദിലാണു ജോലി, നാട്ടില്‍ വന്ന് ഒറ്റക്കായ അഛ്നെ കൂട്ടി അയാള്‍ ഹൈദരാബാദിലേക്ക് മടങ്ങുന്നു....
എല്ലാരും ഉറങ്ങിയപ്പോള്‍, ഒരാള്‍ മാത്രം പുറത്തേക്ക് നോക്കിയിരിക്കുന്നു.. മണിയുടെ അച്ഛന്‍,
"എന്താ അച്ഛന്‍ ഉറങ്ങുന്നില്ലേ,?"ഞാന്‍ കുശലം ചോദിച്ചു,
അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചേ അദ്ദേഹം കരയുന്നു...
"അവള്‍ ഉണ്ടായരുന്നെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു.".
വാര്‍ദ്ധക്യത്തിന്റെ നിസഹായാവസ്ഥ എന്നില്‍ പേടിയും അനുകമ്പയും ഉണര്‍ത്തി....
"മകന്‍ പൊന്നു പോലെ നോക്കില്ലേ അച്ഛാ"?
"ഉം,നോക്കും,എന്നാലും കണ്ണുകാണാത്ത എന്നെ കൈ പിടിച്ചു നടത്താനും വഴിയോരക്കാഴ്ച്ചകളും എല്ലാം എനിക്ക് പറഞ്ഞു തരാന്‍ ഇനിയാരാ,മോനേ കേരളം കഴിഞ്ഞോ..?
ഞാന്‍ പതിയെ ഷട്ടര്‍ ഉയര്‍ത്തി.".കഴിഞ്ഞു..".

ക്രിസ്മസ്.....രാത്രികള്‍ക്കു കുളീരാണ്......

ഒരു പതിനൊന്നുവയസ്സുകാരി, പുല്‍ക്കൂടിനായ് പുല്ലന്വേഷിച്ചു പോകാന്‍ അവനെ വന്നു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു,
"നീ പോ കൊച്ചേ"എന്ന്,
അവള്‍ പോകാതെ അവനെ നോക്കി നിന്നു നിറമിഴികളോടേ, അത് കാണാന്‍ അവനൊരിക്കലും ഇഷ്ടമായിരുന്നില്ല. അവള്‍ക്കൊപ്പം നടന്നപ്പോള്‍, ഒരു ലോക ജേതാവിനെ പ്പോലെ അവള്‍, അസ്തമയ സൂര്യന്‍ അവളുടെ കവിളുകള്‍ സിന്ദൂരമാക്കി.
ഇന്ന്, അവന്റെ ക്രിസ്മസ് ,ഒറ്റക്കായ ഒരുവന്‍ ദൈവത്തെ നോക്കി സൗമ്യമായ് ചിരിക്കുന്ന ഒന്ന്, അവനു ഒരുക്കാന്‍ ഒരു പുല്‍ക്കൂടില്ലാ, അവനായ് ഒരു നക്ഷത്രവും തൂക്കാനില്ലാ, അവനായ് ഒരു കരൊള്‍ പാട്ടുമില്ലാ.
ക്രിസ്തു; അവന്‍ ജനിച്ചതു പുല്‍ക്കൂട്ടില്‍ ,അവന്‍ സംസാരിച്ചതു പാവങ്ങള്‍ക്കു വേണ്ടി, അവന്റെ കൂട്ടുകാര്‍ ഏറ്റവും താണവര്‍, അടിച്ചമര്‍ത്തപെട്ടവര്‍. വല്ലാതെ സ്നേഹിച്ചു പോകുന്നു ക്രിസ്തുവിനെ.
ഈ കാരുണ്യം എന്നും മനസ്സില്‍ നിറയട്ടേ, ഈ സ്നേഹം നമ്മേ ചേര്‍ത്തു പിടിക്കട്ടേ, ആര്‍ദ്രമായ ആ കണ്ണുകള്‍ നമ്മേ പുതിയ കാഴ്ചകള്‍ കാണിക്കട്ടേ.
ദൈവം സ്നേഹമാകുന്നു..
.ഞാന്‍ ഉറങ്ങുകയാണൂ.. പഴയ ഒരു സ്വപ്നത്തില്‍... വിളിച്ചുണര്‍ത്തരുതേ എന്നെ...