Thursday, January 1, 2009

ഊഞ്ഞാല്‍......

......ആകാശത്തെ കീറിമുറിച്ചുകൊണ്ട് കുതിച്ചുയരുമ്പോള്‍, സ്വാതന്ത്ര്യത്തിലേക്ക് ചിറകുവിടര്‍ത്തിപ്പറക്കുന്ന ഒരു പറവയാണെന്നവള്‍ക്കു തോന്നി..സ്വപ്നങ്ങളില്‍ ഊഞ്ഞാലാട്ടങ്ങളില്‍ നിന്നും തെറിച്ചുവീഴുമ്പോള്‍ ഞെട്ടിയുണരുന്നതെല്ലാം അവള്‍ മറന്നു..പകരം ആ സ്വാതന്ത്ര്യത്തെ ആവോളം ആസ്വദിച്ചു....

ഇപ്പോള്‍ ഊഞ്ഞാല്‍ തിരിഞ്ഞാടുന്നു..... ജീവിതത്തിന്റെ പ്രതീകം പോലെ... പിന്നിലേക്ക്.... അഗാധമായ് പതിച്ച് പിന്നിലേക്കുയര്‍ന്നപ്പോള്‍ അവള്‍ക്കു മുന്നില്‍ ഭൂമി താഴ്ന്നു താഴ്ന്നു വന്നു....മണ്ണില്‍ നിന്നും അങ്ങനെ അകന്നകന്നുപോകെ അവളുടെ നെഞ്ചില്‍ ഒരു പിടച്ചില്‍.... ഊഞ്ഞാല്‍ ഒരു നിമിഷം നിശ്ചലം.... പിന്നീട് ഭൂമിയെ ഉമ്മവെക്കാനെന്നപോലെ താഴേക്കു പതിച്ചു...അവളുടെ പട്ടുപാവാട കാറ്റിലുലഞ്ഞു ചിരിച്ചു... അവള്‍ക്ക് ഉള്ളില്‍ ചിരിപൊട്ടി, അതു നുരഞ്ഞുയര്‍ന്നു.
താഴെനിന്ന് ഊഞ്ഞാല്‍ തള്ളുമ്പോള്‍ അവന്‍ വിചാരിച്ചൂ.....ഈ പെണ്ണെന്താ അപ്പൂപ്പന്‍ താടിയോ.... ഒന്നു തൊടുകയേ വേണ്ടൂ....പറന്നങ്ങൂ പോകുവല്ലേ...!
അപ്പോള്‍ ഊഞ്ഞാലിനും ഒരു മനസ്സുണ്ടായ്, ....ഹോ! ഇവരുടെ പ്രണയം തീരുന്നതു വരെ എനിക്കീ ഗതി.....! അനന്തരം.. ഊഞ്ഞാല്‍ വീണ്‍ടും ആകാശത്തേക്ക് ഊളിയിട്ടു...

ഹംബടാ......കശുമാങ്ങാ..!

നല്ല മഞ്ഞ നിറത്തിലുള്ള പഴം നാലായ് കീറി അതില്‍ അലപം കുരുകുളകും ഉപ്പും വിതറി, കത്തിയും മുള്ളൂം പ്ലേറ്റിന്റെ ഒരു വശത്ത് അടുക്കിവെച്ച്, മേശയിലെത്തിയ ആ ഫ്രൂട്ട് എനിക്ക് ഇഷ്ടമായ്..
അതിന്റെ നേരിയ ചവര്‍പ്പും പുളിയും എരിവും ഉപ്പും ചേര്‍ത്തു രുചിക്കേ............ഹേയ് ഇത് അതല്ലേ? അവന്‍...കശുമാങ്ങ!എത്രയെത്ര നിറത്തിലാണവ ചില്ലകളില്‍ തൂങ്ങിക്കിടക്കുക. ചിലതിനു മഞ്ഞ നിറം ചിലതിനു ചോപ്പ്.. അതിന്റെ തുമ്പത്ത് കശുവണ്ടി. തണുപ്പുകാലത്ത് ചിരട്ടയില്‍ കരി നിറച്ച് ഇത് ചുടുമ്പോള്‍ ഒരു നാട് മുഴുവന്‍ ഉണരും.... കല്ലുവെച്ച് ഇടിച്ചുപൊട്ടിച്ച് ഇളം ചൂടോടെ ഇതിന്റെ പരിപ്പ് തിന്ന ഓര്‍മ്മ എന്നില്‍ നിറഞ്ഞു...........വീണ്ടും ഞാന്‍ ഒരു കഷ്ണം കൂടി പതിച്ചെ ചവച്ചു....ഇത് വഴിനീളെ വീണു കിടക്കുമായിരുന്നു.. അതില്‍ നിന്നും ഭംഗിയുള്ള പഴം മാത്രം തെരഞ്ഞെടുത്ത് കടിച്ചു തിന്നിരുന്നു.. ഇതിന്റെ കറ വീണു ഷേര്‍ട്ടും നിക്കറും മോശമായ്, എന്നാലും ഈ രുചിയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലാ...
"അപ്പ് കോ ഓര്‍ ഏക് മന്തേ...."
"നൊ താങ്ക്സ്.. അള്‍റെഡി ഐ ഹാഡ് എ ലോട്ട്" മനസ്സില്‍ എത്ര കശുമാവുകള്‍ പൂത്തിരിക്കുന്നു....!!

കപ്പ..അഥവാ കൊള്ളീ, അല്ലെങ്കില്‍ ചീനി

ആവി പറക്കുന്ന കപ്പ പൊട്ടിച്ച് ചെറു കഷണങ്ങളാക്കി കാന്താരി മുളകും ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് അടപലകയില്‍ ചെരട്ടത്തവിക്ക് ഞെരടിപൊട്ടിച്ച്, അതില്‍ അല്പം വെളിച്ചെണ്ണയും ഒഴിച്ച് തയ്യാറാക്കിയ ചമ്മന്തിയില്‍ മുക്കി തിന്നും .
.ശൂ.... എന്നാ എരിവ്..?
ഇന്നാടാ വെള്ളം കുടിന്ന് അമ്മച്ചി.കപ്പചെറുതായ് നുറുക്കി, അതില്‍ തേങ്ങയും ഉള്ളിയും മഞ്ഞളും അരച്ചു ചേര്‍ത്ത് പാകത്തിനുപ്പും ചേര്‍ത്ത് ഇളക്കിയെടുക്കുമ്പോള്‍ മഞ്ഞ നിറത്തില്‍ മൂക്കില്‍ അടിച്ചുകേറുന്ന സുഗന്ധമായ് കപ്പപ്പുഴുക്ക്..അതില്‍ കുടംപുളിയിട്ടുവെച്ച മീന്‍ കറിയൊഴിച്ച് തിന്നുമ്പോള്‍.
'ഇന്നാ ഈ ഇളവന്‍ കൂടി പൂശ് കെട്ടിയോനെ' എന്നു പറഞ്ഞാല്‍, എങ്ങനാടീ പെണ്ണുമ്പിള്ളേ നിന്നെ ഞാന്‍ സ്നേഹിക്കാതിരിക്കുക..?
കപ്പയെ ഞങ്ങള്‍ ഉണക്കി സൂക്ഷിക്കും.അതില്‍ തേങ്ങചിരവിയതും ഇട്ട് മടു മടാ തിന്നു വിശപ്പിനെ ഓടിക്കാന്‍.
"കപ്പാ നല്ല കപ്പാ..
വാട്ടിയ കപ്പ ഉണക്കി വെച്ചാല്‍വീട്ടിലതുമൊരു സ്വത്താണേ...
കുട്ടികള്‍ തിന്നും ഇടക്കിടെ പട്ടിക്കും നല്‍കാം.
.മുട്ടിയാല്‍ വിറകിനു നന്ന്.."
"എന്നാടാ പറഞ്ഞേ.? വാട്ട് ഇസ്സ് റ്റാപ്പിയോക്കാ എന്നോ.? മോനെ വയലന്റ് ആക്കല്ലേ."