Sunday, February 8, 2009

ക്രിസ്തുവിന്റെ കല്യാണം....

ഒലീവുമരത്തിനു തണലില്‍ ആകാശത്തേക്കു മിഴിയുറപ്പിച്ചിരിക്കുന്ന മകനെ മറിയം നിര്‍ന്നിമേഷം നോക്കി നിന്നു. തോള്‍ കവിയുന്ന ചുരുള്‍ മുടി, നെഞ്ചിനെ ഉമ്മവെക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഇടതൂര്‍ന്ന താടി..അലസമായ് മേല്‍ച്ചുണ്ടില്‍ പടര്‍ന്നു കിടക്കുന്ന മീശ. കണ്ണുകള്‍ ആകാശത്ത് എന്തിനെയോ തിരയുന്നു.. മറിയത്തിന്റെ മാറു ചുരന്നു...

അവള്‍ പതിയെ അവന്റെ അടുത്തെത്തി. പിന്നീട് അവനരുകിലിരുന്ന് പതിയെ അവന്റെ മുടിയിഴകളില്‍ തലോടി, യേശു മുഖം തിരിച്ച് അമ്മയെ നോക്കി പുഞ്ചിരിച്ചു. നിരയൊത്ത പല്ലുകള്‍, അവയില്‍ നിന്നും നിലാവൊഴുകി അമ്മയുടെ കണ്ണില്‍ പതിച്ചു.. ഉണ്ണിയായിരിക്കേ തന്റെ മുല കുടിച്ച് വയറു നിറഞ്ഞ് ഉണ്ണീ അവളെ നോക്കി ചിരിച്ചതു പോലെ മറിയത്തിനു തോന്നി.ഇടതൂര്‍ന്ന മുടി പകുത്തുമാറ്റി മറിയം അവന്റെ തലയില്‍ പേനുണ്ടോ എന്ന് അന്വേഷിച്ചു. തലമുടിയില്‍ ദേവദാരൂപ്പൂമണം... മരങ്ങള്‍ എന്തേ ഇവനെ കാണുമ്പോള്‍ പൂക്കള്‍ പൊഴിക്കുന്നുവെന്ന് മറിയം അതിശയിച്ചു. ഇത്തവണയും യേശു ചിരിച്ചു. അത് അമ്മ കണ്ടില്ലാ.. അമ്മ അവനോട് പറയാനൊരു വാക്കു തിരയുകയായിരുന്നു...

'ഇനിയും ഇങ്ങനെ പറ്റില്ലാ..'യേശു മുഖമുയര്‍ത്തി
'യാക്കൂബിന്റെ മകളെ നീ അറിയില്ലേ...?'

ചന്തയിലെ പലചരക്കു വ്യാപാരി... യാക്കൂബിനെ അറിയാം.. മകളെ അറിയില്ലെന്നു യേശു മറുപടി പറഞ്ഞു.'

നല്ലൊരു കുട്ടിയാ, നല്ല ചന്തം. നല്ല പെരുമാറ്റം. എന്നെക്കാണുമ്പോഴൊക്കെ നിന്നെക്കുറിച്ചു ചോദിക്കുന്നു.'
യേശു മറിയത്തിന്റെ കൈ എടുത്ത് പതിയെ തലോടി...
'വിവാഹം കഴിക്കണം..'ഒരു ശിശുവിനെപ്പോലെ യേശു അമ്മയെ നോക്കി..

വിവാഹം ? യേശുവിനു മനസ്സിലായില്ലാ...

ഒരു ചിത്രശലഭം പോലും തന്നെ നോക്കുന്നത് താന്‍ അറിയുന്നു. അത്രക്ക് സൗമ്യമായ പൂമ്പാറ്റ നോട്ടം ..യേശുവിന്റെ ഉടലില്‍ കുളിരു കോരി.. ഒരു പെണ്‍കുട്ടിക്ക് എന്തേ ഒരു പൂവിനെപ്പോലെ തന്നെ നോക്കാന്‍ ആവുന്നില്ലാ..?യേശുവിനെ മനസ്സു തുടിച്ചു...
അങ്ങനെ നോക്കിയിരുന്നെങ്കില്‍ അവര്‍ക്കും ഒരു ജോടി വര്‍ണ്ണച്ചിറകുകള്‍ മുളക്കുകയും അതുമായ് ആകാശത്ത് പറന്നു നടക്കാനും ആവുമായിരുന്നില്ലേ...? വര്‍ണ്ണച്ചിറകുള്ളൊരു പെണ്‍കൊടി!

യേശു നിര്‍ത്താതെ പുഞ്ചിരിച്ചു... മറിയത്തിന്റെ മുഖത്ത് ആകുലത നിറഞ്ഞു....ഇനി വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ യേശു നിര്‍ത്താതെ ചിരിക്കുമെന്നും ... അതു തനിക്ക് മനസ്സ് തകര്‍ക്കുന്ന ഒന്നായ് തീരുമെന്നും മനസ്സിലാക്കി... മറിയം യേശുവിനെ പതിയെ ഒലീവു മരത്തിന്റെ വേരിലേക്കു ചാരിക്കിടത്തി വീട്ടിലേക്കു നടന്നു..
യേശു അകാശത്തിന്റെ അനന്തതയിലേക്ക് തന്റെ മിഴികളെടുത്തുവെച്ച്.. ആര്‍ദ്രമായ ഏതോ സംഗീതം ശ്രവിച്ചു കിടന്നു.

സ്വര്‍ഗ്ഗപുത്രി........

ശവവും വഹിച്ച് സ്വാഭാവിക വിഷാദത്തോടെ ശ്മശാനത്തിലേക്കു യാത്രയായവര്‍ക്കു മുന്നില്‍ ഒരു കുട്ടി, വെള്ള ഫ്രോക്ക് ധരിച്ചൊരു കുട്ടി, നൃത്തം ചെയ്യ്‌തു നീങ്ങി.

ശവക്കച്ചകള്‍ക്കും പൂക്കള്‍ക്കും ഇടയില്‍ ശ്വാസം മുട്ടിക്കിടന്നയാള്‍ക്ക് നിര്‍ലോഭമായ് ചിരിക്കാന്‍ തോന്നി. അല്പ സമയത്തിനകം കത്തിയമരുന്ന, അല്ലങ്കില്‍ മണ്ണിട്ടു മൂടുന്ന ശരീരത്തെ അയാള്‍ നിര്‍ന്നിമേഷം നോക്കി.

അടുത്തു വന്ന ആ കൊച്ചു സുന്ദരിയെ നോക്കി അയാള്‍ നിറഞ്ഞു മന്ദഹസിച്ചു.

' ന്റെ കുഞ്ഞെ' എന്നയാള്‍ അലിവോടെ വിളിച്ചു.
അവള്‍ അയാളുടെ മുഖത്തൊരു മുത്തം നല്‍കി, പിന്നെ അരുമയോടെ കെട്ടിപ്പിടിച്ചു.

അവസാന കാഴ്ചകള്‍..! ഭൂമിയില്‍ മരങ്ങള്‍ അയാളോടു സംസാരിച്ചു. പൂക്കള്‍ അയാളെ പാട്ടു പാടി കേള്‍പ്പിച്ചു.ആകാശം അയാളുടെ ചുറ്റും മൃദുവായ് തലോടി.. അപ്പോഴും ഭൂമിയിലെ സങ്കടങ്ങള്‍ അയാളെ ചൂഴ്ന്നു നിന്നു.

ആഘോഷങ്ങളൊഴിഞ്ഞു. ആശ്ലേഷങ്ങളൊഴിഞ്ഞു. അയാള്‍ വിയര്‍ത്തൂ.. ജീവിതത്തിലെ മാസ്മരികത.. അതയാളെ ഭ്രാന്തു പിടിപ്പിച്ചപ്പോള്‍..

അവള്‍, മെല്ലെ മെല്ലേ അയാളുടെ കാതില്‍ മന്ത്രിച്ചു...
ഇനിയും ഞാന്‍ ഒറ്റക്കാവണോ...?

അയാള്‍ക്കവളെ കെട്ടിപ്പിടിക്കാനും തുരുതുരെ ചുംബിക്കാനും കഴിഞ്ഞു... .

തലയിണ.....

ഒരു തുണിയുടെ ഉറയില്‍ വെണ്‍‌മേഘം പോലുള്ള പഞ്ഞി നിറച്ച്,അതിനൊരു നീല കുപ്പായവും ധരിപ്പിച്ച് തലക്കടിയില്‍ വെച്ച് ഉറങ്ങിയാല്‍..... ആകാശത്തു പറന്നു നടക്കാം.
പൂവിന്‍ ചിത്രത്തലയിണയെങ്കില്‍, രാവിലൊരു പൂവിന്‍ മന്ദസ്മിതത്തില്‍ മയങ്ങിക്കിടക്കാം.!
'ശോ...!ഇപ്പോള്‍ ഊതി വീര്‍പ്പിക്കുന്ന തലയിണകളല്ലേ.. 'ഒരുകാര്യം ചെയ്യുവോ, നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇതിലെക്ക് ഊതി നിറച്ചു തരൂ...... എനിക്കതു തലക്കടിയില്‍ വെക്കാനല്ലാ.... നെഞ്ചോടു ചേര്‍ക്കാനാ...'

"ആഹാ...!നീ എത്ര സുന്ദരമായ് സംസാരിക്കുന്നു...?'എന്നവനൊരു നോട്ടമെറിഞ്ഞപ്പോള്‍, അവള്‍ക്കൊരു നാണം.
"അതേയ്, ഒരു കാര്യം പറയാനുണ്ടേ... നിന്റെ തലയിണ എനിക്കു തരൂ... '
'ന്താ പറയുന്നേ?'എന്നവളൊരതിശയനോട്ടം നോക്കി...
"നീ എനിക്കായ് നല്‍കിയ ചുംബനങ്ങളും എനിക്കായ് ഒഴുക്കിയ കണ്ണീരും പറ്റിപ്പിടിച്ച ആ മയില്‍‌പ്പീലി നിറമുള്ള തലയിണ എനിക്കു തരൂ.. എനിക്കതു കൂട്ടാവട്ടെ..!'

അവളവനോട് കൂടുതല്‍ ചേര്‍ന്നിരുന്ന് ഒന്നുകൂടി നാണിച്ചു..

പ്രകൃതിയെന്ന സ്ലേറ്റില്‍ മനുഷ്യനെന്ന അക്ഷരക്കൂട്ടങ്ങള്‍..!

എഴുതുന്നതെല്ലാം അതിനു തോന്നുമ്പോള്‍ മായിച്ചു കളയുന്നൊരു വികൃതിക്കുട്ടി.
ആര്‍ക്കും അവളെ ഒന്നും പറയാനാവില്ലാ. അവളുടെ തോന്ന്യാസം അവള്‍ നടത്തുന്നു..

നമ്മള്‍ അവളുടെ അക്ഷരങ്ങളായ് അര്ത്ഥങ്ങള്‍ വിളിച്ചു പറയുന്നു. ശരിയായ് അര്‍ത്ഥം വിളിച്ചു പറഞ്ഞ അക്ഷരങ്ങള്‍ മായിച്ച് അവള്‍ പുത്തന്‍ അക്ഷരങ്ങള്‍ എഴുതുന്നു.ചില അക്ഷരങ്ങളോട് അവള്‍ തലച്ചോറിനാല്‍ സംസാരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍, മറ്റു ചില അക്ഷരങ്ങളോട് ഹൃദയത്തിന്റെ ഉത്തരം അവള്‍ ആവശ്യപ്പെടും. ചിലരോട് രണ്ടും ഒരുമിച്ചും.

ബുദ്ധിമാന്മാരും സ്നേഹനിറവുള്ളവരും ഉത്തരങ്ങള്‍ വിളിച്ചു പറഞ്ഞ്, അടുത്ത ക്ലാസിലേക്ക് പ്രമോഷന്‍ വാങ്ങിപ്പോകുമ്പോള്‍..മണ്ടന്മാര്‍ ഈ ക്ലാസ്സില്‍ വീണ്ടും കുത്തിയിരിക്കും.അവളുടെ അടിയും തല്ലും വാങ്ങി. എന്നീട്ടും പാസാകാത്തവരെ , കൂനിക്കൂടി വികൃതമാകുമ്പോള്‍, അവളുടെ സ്ലേറ്റിനു വൃത്തികേടാവാതിരിക്കാന്‍ അവള്‍ തന്നെ ഉത്തരം പറഞ്ഞുകൊടുത്ത് മായിച്ചു കളയും..

അവളെ നോക്കി നിന്നെ ഞാന്‍ തോല്പിച്ചല്ലോ എന്ന് ആ അക്ഷരങ്ങള്‍ ചിരിക്കും.! അവള്‍ക്കറിയാം അവളെയും ആ സ്ലേറ്റിനെയും സ്നേഹിച്ചാണു അവരവിടെ ഇരുന്നതെന്നു..

അതോര്‍ക്കുമ്പോള്‍ അവളിലും ഒരു ചിരി,വസന്തം.!

പ്രണയം, ജീവിതം, മരണം........

അവനോടവള്‍ ചോദിച്ചു:
എന്താണൂ പ്രണയം.?
അവനൊരു മറുപടിപോലും പറയാതെ അവനു കഴിയുന്നത്ര ആര്‍ദ്രമായ് അവളെ നോക്കി...
'ശോ.. നോവുന്നെടാ'എന്നവള്‍ പറഞ്ഞപ്പോള്‍ അവന്‍ ഉള്ളില്‍ പറഞ്ഞൂ..
'പ്രണയത്തിന്റെ മൃദുനോട്ടങ്ങള്‍ പോലും നിന്നെ നോവിക്കുന്നുവോ.'?
'ഇല്ലാന്നേ,നീ പറയൂ' എന്നവള്‍ മനസ്സില്‍ മറുപടി പറഞ്ഞപ്പോള്‍, അവനവളെ അരുമയോടെ ചേര്‍ത്തു പിടിച്ച് മുടിയിഴകള്‍ കോതിയൊതുക്കി..
'ഒരു മരം പുഷ്പത്തെ നീട്ടുന്നതാണു പ്രണയം.... അതിന്റെ സുഗന്ധമാണ് പ്രണയം.'!
'ഭയങ്കരാ..'
'ഉവ്വോ?'എന്നവന്‍ അവളുടെ കണ്ണിലേക്കുറ്റു നോക്കി ചോദിച്ചപ്പോള്‍ അവള്‍ മിഴികള്‍ അടച്ചുവെച്ചു..അവനപ്പോള്‍ അവളുടെ നെറ്റിയില്‍ മെല്ലെ തലോടി, ഹോ..! അപ്പോള്‍ ഒരു മയില്‍‌പ്പീലി പോലെ ആ വിരലുകള്‍ സ്നിഗ്ദ്ധമായ്.. അവളതില്‍ അലിഞ്ഞു കിടന്നു.. നേര്‍ത്തൊരിക്കിളിയില്‍ നുരഞ്ഞുയര്‍ന്നു..പിന്നെ മെല്ലെ പറഞ്ഞൂ:
'എന്നോട് ജീവിതത്തെക്കുറിച്ചു പറയൂന്നേ.'
'ജീവിതം... ആ പൂവാണത്'
'അപ്പോള്‍ മരണമോ..?'
ഹോ! ആ പൂ ഞെട്ടറ്റു വീണല്ലോ...'!
അവരെ അസൂയാലുവാക്കി ആ പുഷ്പം മണ്ണില്‍ വീണു.. അപ്പോഴും ഇതളുകളിലൊരു ചിരി അത് സൂക്ഷിച്ചിരുന്നു..!