Sunday, February 8, 2009

ക്രിസ്തുവിന്റെ കല്യാണം....

ഒലീവുമരത്തിനു തണലില്‍ ആകാശത്തേക്കു മിഴിയുറപ്പിച്ചിരിക്കുന്ന മകനെ മറിയം നിര്‍ന്നിമേഷം നോക്കി നിന്നു. തോള്‍ കവിയുന്ന ചുരുള്‍ മുടി, നെഞ്ചിനെ ഉമ്മവെക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഇടതൂര്‍ന്ന താടി..അലസമായ് മേല്‍ച്ചുണ്ടില്‍ പടര്‍ന്നു കിടക്കുന്ന മീശ. കണ്ണുകള്‍ ആകാശത്ത് എന്തിനെയോ തിരയുന്നു.. മറിയത്തിന്റെ മാറു ചുരന്നു...

അവള്‍ പതിയെ അവന്റെ അടുത്തെത്തി. പിന്നീട് അവനരുകിലിരുന്ന് പതിയെ അവന്റെ മുടിയിഴകളില്‍ തലോടി, യേശു മുഖം തിരിച്ച് അമ്മയെ നോക്കി പുഞ്ചിരിച്ചു. നിരയൊത്ത പല്ലുകള്‍, അവയില്‍ നിന്നും നിലാവൊഴുകി അമ്മയുടെ കണ്ണില്‍ പതിച്ചു.. ഉണ്ണിയായിരിക്കേ തന്റെ മുല കുടിച്ച് വയറു നിറഞ്ഞ് ഉണ്ണീ അവളെ നോക്കി ചിരിച്ചതു പോലെ മറിയത്തിനു തോന്നി.ഇടതൂര്‍ന്ന മുടി പകുത്തുമാറ്റി മറിയം അവന്റെ തലയില്‍ പേനുണ്ടോ എന്ന് അന്വേഷിച്ചു. തലമുടിയില്‍ ദേവദാരൂപ്പൂമണം... മരങ്ങള്‍ എന്തേ ഇവനെ കാണുമ്പോള്‍ പൂക്കള്‍ പൊഴിക്കുന്നുവെന്ന് മറിയം അതിശയിച്ചു. ഇത്തവണയും യേശു ചിരിച്ചു. അത് അമ്മ കണ്ടില്ലാ.. അമ്മ അവനോട് പറയാനൊരു വാക്കു തിരയുകയായിരുന്നു...

'ഇനിയും ഇങ്ങനെ പറ്റില്ലാ..'യേശു മുഖമുയര്‍ത്തി
'യാക്കൂബിന്റെ മകളെ നീ അറിയില്ലേ...?'

ചന്തയിലെ പലചരക്കു വ്യാപാരി... യാക്കൂബിനെ അറിയാം.. മകളെ അറിയില്ലെന്നു യേശു മറുപടി പറഞ്ഞു.'

നല്ലൊരു കുട്ടിയാ, നല്ല ചന്തം. നല്ല പെരുമാറ്റം. എന്നെക്കാണുമ്പോഴൊക്കെ നിന്നെക്കുറിച്ചു ചോദിക്കുന്നു.'
യേശു മറിയത്തിന്റെ കൈ എടുത്ത് പതിയെ തലോടി...
'വിവാഹം കഴിക്കണം..'ഒരു ശിശുവിനെപ്പോലെ യേശു അമ്മയെ നോക്കി..

വിവാഹം ? യേശുവിനു മനസ്സിലായില്ലാ...

ഒരു ചിത്രശലഭം പോലും തന്നെ നോക്കുന്നത് താന്‍ അറിയുന്നു. അത്രക്ക് സൗമ്യമായ പൂമ്പാറ്റ നോട്ടം ..യേശുവിന്റെ ഉടലില്‍ കുളിരു കോരി.. ഒരു പെണ്‍കുട്ടിക്ക് എന്തേ ഒരു പൂവിനെപ്പോലെ തന്നെ നോക്കാന്‍ ആവുന്നില്ലാ..?യേശുവിനെ മനസ്സു തുടിച്ചു...
അങ്ങനെ നോക്കിയിരുന്നെങ്കില്‍ അവര്‍ക്കും ഒരു ജോടി വര്‍ണ്ണച്ചിറകുകള്‍ മുളക്കുകയും അതുമായ് ആകാശത്ത് പറന്നു നടക്കാനും ആവുമായിരുന്നില്ലേ...? വര്‍ണ്ണച്ചിറകുള്ളൊരു പെണ്‍കൊടി!

യേശു നിര്‍ത്താതെ പുഞ്ചിരിച്ചു... മറിയത്തിന്റെ മുഖത്ത് ആകുലത നിറഞ്ഞു....ഇനി വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ യേശു നിര്‍ത്താതെ ചിരിക്കുമെന്നും ... അതു തനിക്ക് മനസ്സ് തകര്‍ക്കുന്ന ഒന്നായ് തീരുമെന്നും മനസ്സിലാക്കി... മറിയം യേശുവിനെ പതിയെ ഒലീവു മരത്തിന്റെ വേരിലേക്കു ചാരിക്കിടത്തി വീട്ടിലേക്കു നടന്നു..
യേശു അകാശത്തിന്റെ അനന്തതയിലേക്ക് തന്റെ മിഴികളെടുത്തുവെച്ച്.. ആര്‍ദ്രമായ ഏതോ സംഗീതം ശ്രവിച്ചു കിടന്നു.

8 comments:

Unknown said...

ഈ നേര്‍വര കണ്ടെത്താന്‍ വൈകിപ്പോയി..
സുഹൃത്തേ..നല്ല ഒരു പിടി കഥകള്‍ തന്നതിന്‌ നന്ദി..
വലിച്ചുനീട്ടാതെ ആറ്റിക്കുറുക്കിയെടുത്തിരിക്കുന്നു..
ആശംസകള്‍

Dr.Biji Anie Thomas said...

പ്രലോഭനത്തെ പറ്റി വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ട ക്രിസ്തുവിന്റെ കല്യാണത്തെ പറ്റിയൊരു വായന. ഇഷ്ടപ്പെട്ടു.
ക്രിസ്തു..മന ‍പൂര്‍വം വിവാഹം വേണ്ടെന്നു വെച്ചതാ സൂര്യാ.അല്ലാതെ വിവാഹം പാപമെന്ന് കരുതിയിട്ടല്ല.അവനറിയാമായിരുന്നു അവനെ ചുറ്റിപറ്റി നിന്ന സ്ത്രീകള്‍ അവനെയെത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്, അവനവരേയും.വിധവയാക്കപ്പെടുന്നവളുടെയും അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെയും സങ്കടം അവനറിയാമായിരുന്നു.പിന്നെ തന്റെ മുന്നില്‍ വെച്ചുനീട്ടിയ പാനപാത്രവും.അവനാരെയും സങ്കടപ്പെടുത്താനാവില്ല.അതുകൊണ്ട് സമയമെത്തും വരെ അവന്‍ ഏകനായ് നിന്നു.
വായിച്ചിട്ടില്ലേ, ചിലര്‍ ഷണ്ഡന്മാരായി ജനിക്കുന്നു, ചിലര്‍ മനുഷ്യരാല്‍ അങ്ങനെയാക്കപ്പെടുന്നു, ചിലര്‍ വലിയ നിയോഗങ്ങള്‍ക്കു വേണ്ടി സ്വമേധയാ..അവന്‍ മൂന്നാമത്തേത് തിരഞ്ഞേടുത്തതാ..
ക്രിസ്തുവിനെയാരും കൊന്നതല്ല.അവന്‍ സ്വയം അഗ്നിക്കാവടിയിലേക്ക് സങ്കടപൂര്‍വ്വം സ്നേഹപൂര്‍വ്വം നടന്നുകയറുകയായിരുന്നു.എന്നിട്ടും നമ്മള്‍(ഞങ്ങള്‍) വിവരദോഷികള്‍ ദു:ഖവെള്ളിയാഴ്ച ദിവസം അലറിവിളിക്കുന്നു.‘യൂദന്മാരെ നിങ്ങടെ നിലയം ശൂന്യമെന്ന്’..എന്തൊരു വൈരുദ്ധ്യം..

jayanEvoor said...

ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു. വ്യത്യസ്തത ഉടനീളമുണ്ട്....

സ്നേഹപൂര്‍വം,

എല്ലാ കൊല്ലവും കശുമാങ്ങ തിന്നാന്‍ ഭാഗ്യം സിദ്ധിച്ച ഒരാള്‍!

ജെ പി വെട്ടിയാട്ടില്‍ said...

ആശംസകള്‍

അപർണ said...

കുറെ കഥകള്‍ വായിച്ചു.. വലിച്ചു നീട്ടാത്ത നല്ല കഥകള്‍ :)

Unknown said...

നന്നായിട്ടുണ്ട് ...

Rosemary said...
This comment has been removed by the author.
Rosemary said...

impressive