Sunday, December 16, 2007

പോടാ ചെക്കാ, ഞാന്‍ അതു പറയില്ലാ

"ഇവിടെ ഉണ്ണിയേശുവാ..വാ നമുക്കു പ്രാര്‍ത്ഥിക്കാം."" ഇല്ല നീ തനിയെ പോയിട്ടുവാ ഞാനീ മാഞ്ചോട്ടില്‍ ഇരിക്കാം" "വാടാ സാറെ ദൈവത്തിന്റെ അടുത്താ നിന്റെ ഒരു ജാഡാ.!" അവള്‍ കൈയില്‍ പിടിച്ചു വലിച്ചു, ആരൊക്കയോ ശ്രദ്ധിക്കുന്നൂ എന്നു തോന്നിയപ്പോള്‍ ഞാന്‍ അനുസരണയോടെ അവളോടോപ്പം നടന്നു. അള്‍ത്താരക്കു മുന്നില്‍ അവള്‍ മുട്ടുകുത്തി നിന്നു. ഞാന്‍ അവളെ നോക്കിപിന്നിലെ ബെഞ്ചിലിരുന്നു. എത്ര വേഗത്തിലാണവള്‍ ധ്യാനത്തില്‍ അലിഞ്ഞതു. നീല ചൂരീദാറിന്റെ ഷോളാല്‍ അവള്‍ തലമൂടിയിരുന്നു. കുറച്ചു സമയം കഴിഞ്ഞു അടുത്തുവന്ന അവളുടെ ശാന്തമായ മുഖത്തേക്കു ഞാന്‍ നിര്‍ന്നിമേഷനായ് നോക്കി നിന്നു. അതു കണ്ട് അവളില്‍ ഒരു പുഞ്ചിരി പൂത്തൂ.."വന്നേ..."അവള്‍ ആനാം വെള്ളം വിരലാല്‍ നനച്ച് എന്റെ നെറ്റിയില്‍ കുരിശുവരച്ചു. നെറ്റിയിലെ കുളിര്‍മ മനസ്സിലും നിറഞ്ഞപോലെ...."നീ എന്തുവാ നിന്റെ ദൈവത്തോട് പറഞ്ഞേ.?" "പോടാ ചെക്കാ, ഞാന്‍ അതു പറയില്ലാ ഞാനതു പറയത്തേ ഇല്ലാ.." ".അതു ശരി ഇപ്പോ എനിക്കു മനസ്സിലായീ."...അവള്‍ ഒന്നും പറയാതെ മുഖം തിരിച്ചു...ഞാന്‍ കാണാതെ ചിരിക്കാന്‍.

ജീവിതം ചാലിച്ചു ചേര്‍‌ത്ത കത്തുകള്‍

ഒരു കത്ത് , ഒരുപാടുനാളുകള്‍ക്കു ശേഷം ഇന്ന് ആന്ദിന്റെ കത്തു കിട്ടി. പണ്ടൊക്കെ നാട്ടില്‍ നിന്നും കത്തുകള്‍ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പു തന്നെ രസമായിരുന്നു. അമ്മയുടെ സ്നേഹം പുരണ്ട വാക്കുകള്‍, അനിയത്തിയുടെ നെഗളിപ്പ് , അനിയന്റെ സ്നേഹക്കൂറ്.കൂട്ടുകാരുടെ അന്വേക്ഷണങ്ങള്‍, കഴിഞ്ഞ കാലത്തിന്റെ മധുരം പങ്കുവെക്കല്‍. അവള്‍ അയച്ചിരുന്ന കത്തുകള്‍ക്ക് ഒരു പ്രത്യേക ചാരുതയുണ്ടായിരുന്നു. കുനു കുനെ കുത്തി നിറച്ചെഴുതിയ വാക്കുകള്‍. അവയില്‍ നാടും വീടും വിശേഷങ്ങളും സുഗന്ധം പരത്തി, വിരഹത്തിന്റെ തീ ജ്വാലകള്‍ ഉള്ളു പൊള്ളിച്ചു..സ്വാന്ത്വനം മഞ്ഞു തുള്ളികളായ്.പിന്നീട് ഫോണ്‍ വിളികളും മെയിലും ചാറ്റിങ്ങും ജീവിതത്തെ കൂടുതല്‍ ത്വരിതപ്പെടുത്തി. എന്നാല്‍ അതു മനസ്സുകളെ എത്ര അടുപ്പിച്ചു?. രാത്രിയില്‍ ഉറങ്ങാതിരുന്നു എഴുതിയ ഒരു കത്തില്‍ ജീവിതം ചാലിച്ചു ചേര്‍ത്തിരുന്നു. കണ്ണീര്‍ നനവുകള്‍ ഞാന്‍ അവളുടെ കത്തുകളില്‍ കണ്ടിരുന്നു. പുഞ്ചിരിയുടെ നിലാവെളിച്ചം അതില്‍ നിറഞ്ഞിരുന്നു, എന്തിന് കത്തുകള്‍ക്കു അവളുടെ മണമായിരുന്നു....

സഞ്ചാരിയുടെ ചോദ്യം...

ഇത്തവണ കാറ്റ് സഞ്ചാരിയേയും വഹിച്ച് യാത്രചെയ്തു. അതവനോടു ചോദിച്ചു" എന്തേ നീ ഒരു തൂവല്‍ തുണടുപോലെ ?" എന്നു.സഞ്ചാരി മൗനി ആയി അവന്‍ ആശയങ്ങള്‍ മാത്രമാണല്ലോ! എവിടെയോ ഉപേക്ഷിച്ച തന്റെ ദേഹത്തെക്കുറിച്ചു ആലോചിച്ച് ചിരിക്കാന്‍ ഇടം കിട്ടുന്നതിനു മുന്നെ കാറ്റ് അവനെ ഒരു പൂമൊട്ടിനെ ഏല്പിച്ചു ചൂളം വിളിച്ചു കടന്നു...ഇതളിക്കാന്‍ തുടങ്ങുന്ന പൂമൊട്ടിനെ നോക്കി അവന്‍ നിന്നു .അവള്‍ക്കു കണിയായ്..അവനെ കണ്ടു സന്തോഷിച്ച പുഷ്പം അവനിലേക്ക് അവളിലെ സൗരഭ്യം എത്തിച്ചു കൊടുത്തു.സൂര്യന്റെ സൗമ്യകിരണങ്ങളില്‍ കുളിച്ച് അവര്‍ പരസ്പര്‍ം നോക്കി ച്ചിരിച്ചു. അവനില്‍ ചോദ്യങ്ങളെല്ലാം അസ്തമിച്ചു. പരമമായ ശാന്തി. ഇടക്കെപ്പോഴോ അവന്റെ തലച്ചോറുണര്‍ന്നു, "ഹേയ് പുഷ്മേ എന്തിനാണു ഇത്രയും മനുഷ്യര്‍ ഈ ഭൂമിയില്‍...അതും തമ്മില്‍ തല തല്ലിക്കീറുന്നവര്‍..../"പൂ ഒന്നും പറയാതെ മധുരമായ് ഒന്നു മന്ദഹസിച്ചു നിലം പതിച്ചു. അപ്പോഴാണല്ലോ അവന്റെ മന്‍സ്സ് പിടഞ്ഞതും തലച്ചോറിന്റെ ചോദ്യശരത്തെ ശകാരിച്ചതും...പിന്നെ വേദനയോടെ അവന്‍ ആ പുഷ്പത്തെ നോക്കി നിന്നു.

സഞ്ചാരിയുടെ ചോദ്യം...

സഞ്ചാരി നടന്നു പോകെ അവന്റെ മുകളില്‍' കാ... കാ... കാ...' എന്നൊരു കാക്ക ചിലച്ചു അതിനു എന്തോ അവനോടു പറയാനുള്ളതു പോലെ...അവന്‍ കാക്കയെ നോക്കി മധുരമായ് പുഞ്ചിരിച്ചു. "ഉത്തരങ്ങള്‍ തേടിപ്പൊകുന്നവനെ നിനക്കു എന്താണ് അറിയേണ്‍ടത്..?""ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട കാര്യം എന്താണു കാക്ക തന്വുരാട്ടീ.....?""എന്റെ മതം ഏറ്റവും നന്നെന്നു മറ്റോരാളെ വിശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്നത്.........!"അറിവിന്റെ നിറവില്‍ സഞ്ചാരി മനം നിറച്ചു എന്നാല്‍ ഉടന്‍ തന്നെ അടുത്ത ചോദ്യവും അവനില്‍ ഉറവപൊട്ടി."ഏറ്റവും ശ്രേഷ്ടമായ സംഗതിയെ ക്കുറിച്ചു കൂടിപ്പറയൂ നീ....""ഒരാള്‍ എല്ലാ മതങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്....!"ഇത്തവണ സഞ്ചാരി ഉത്തരം കിട്ടിയ ആഹ്ലാദത്തില്‍ അപാരമായ് അഭിരമിച്ച് കാക്കതന്വുരാട്ടിയെ സ്നേഹപൂര്‍വ്വം നോക്കവേ....അവനില്‍ നിന്നും അടുത്ത ചോദ്യത്തിന്റെ പുറ്റിളകുന്നുവെന്നു ഭയന്നു അവള്‍ പറന്നകന്നു...പുതിയ ചോദ്യങ്ങളുമായ് സഞ്ചാരി യാത്ര തുടര്‍ന്നു..........

പനിനീര്‍പ്പൂ.... കണിയാവുന്നതെങ്ങനെ...

"എന്റെ പനി നീര്‍ച്ചെടീ നിനക്കു ഞാന്‍ എത്ര നാളായ് വെള്ളമൊഴിക്കുന്നൂ. നിന്നെ ലാളിക്കുന്നു..എന്നിട്ടുമെന്തേ നീ ഒരു പൂ തരാത്തെ എനിക്ക്." ഒരു കുഞ്ഞു ശബ്ദത്തിന്റെ സാരള്യം എന്നെ വന്നു തൊട്ടൂ..."അതേയ് ഞാന്‍ നിന്നെപ്പേടിച്ചീ കൂന്വിനുള്ളീല്‍ വിടരാതിരിക്കാ." "ഉവ്വോ.?.എന്നാല്‍ വേഗം പുറത്തു വന്നെന്നെ നോക്കിച്ചിരിക്കൂ പൂങ്കുരുന്നേ..." "വരൂലാ ഞാന്‍...ഞാന്‍ വന്നാല്‍ എന്നെ പിച്ചി നീ നിന്റെ കാമുകിക്കു കൊടുക്കാനല്ലേ..?" "ഹേയ് ആരാ അതു പറഞ്ഞേ.?" "ഇന്നലെ വന്ന് കാറ്റു പറഞ്ഞൂലോ..നീ കാമുകിക്കു വാക്കു കൊടുത്തൂ എന്നെ അവളുടെ തലയില്‍ ചൂടിക്കാന്ന്.." "എന്റെ പൊന്നു പൂമോളൂസേ..എന്റെ കണ്ണു നനയിക്കല്ലേ അവള്‍ പൂ ചൂടില്ലാ..നിന്നെ പിച്ചാന്‍ അവള്‍ സമ്മതിക്കത്തുമില്ലാ..." "അപ്പോ ആ കാറ്റുപറഞ്ഞതോ...?" "അവനൊരു തെമ്മാടിക്കള്ളക്കാറ്റല്ലേ..പൊന്നൂസേ..""ഉവ്വോ.."എന്നാല്‍ ഞാന്‍ നാളെ രാവിലെ നിനക്കു കണിയാകാട്ടോ.....!!

പരസ്യം...........................

ഹാന്‍ഡ് ബാഗില്‍ നിന്നും തെരുതെരെ മിടായി തിന്നുന്ന അവളെ നോക്കി അവന്‍ പറഞ്ഞൂ 'ദേയ് ഈ മിടായിയെല്ലാം തിന്നു പുഴുപ്പല്ലു പിടിച്ചാല്‍ ഞാനെങ്ങും കൂട്ടത്തില്‍ കൊണ്ടുപോകൂലാ" "മേണ്ട!" അവള്‍ ചിരിച്ചുകൊണ്ട് വീണ്ടും ഒരു മിടായി തിന്നുന്ന ക്ലോസപ്പ്.ദേഷ്യത്തോടെ അവളെ നോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെക്കു ക്യാമറ പതിയെ ഫോക്കസ് ചെയ്യണം.അവന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്‍ബോള്‍ "ദേയ് കണ്ടോ?" അവള്‍ ബാഗില്‍ നിന്നും ഒരു പാക്കറ്റ് എടുത്തു കാണിക്കുന്നു. എന്താദ് അവന്റെ മുഖത്തെ ആശ്ചര്യവും അവളുടെ കൗതുകവും പ്രെത്യേകം പ്രത്യേകം ഷോട്ടുകളിലൂടെ കാട്ടുന്നു."ഇതാണു മോനേ മുത്തശ്ശീസ് ദന്തപരിപാലന ചൂര്‍ണ്ണം!" സ്ക്രീനില്‍ ഒരു മുത്തശ്ശിയുടെ ചിത്രം "കാലങ്ങളായി ഉപയോഗ്ഗിച്ചു തെളിയികപ്പെട്ട ഒരേ ഒരു വിശ്വസ്തത. ഉമിക്കരിയും ഉപ്പും കുരുമുളകും ചേര്‍ത്ത മുത്തശ്ശീസ്!" ഇപ്പോള്‍ അവളുടെ വെളുവെളുത്തപല്ലില്‍ നിന്നും വെളിച്ചം ചുമ്മാ അവന്റെ കണ്ണിലേക്കു വീഴുന്നു.അവനവളേ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ തുടങ്ങുന്വോള്‍ സ്ക്രീന്‍ ഔട്ട്. ഇരുട്ടില്‍ നിന്നും അവളുടെ ചിരിയൊച്ചയും "ശ്ശോ ഈ ചെക്കന്‍" എന്ന ആലസ്യവും.

ഒരു ചെമ്പകപ്പൂ അടര്‍ന്നെന്‍ നെറ്റിയില്‍ ........

കഥകളിയുടെ രസ്സത്തില്‍ നിന്നും എന്നെ ഇവിടെക്കു കൊണ്ടുവന്ന സജിയോട് എനിക്കു വല്ലതെ പരിഭവം തോന്നി. "മനൂ, എനിക്കിതു നിന്നോടല്ലാതെ പറയാന്‍ ആരൂല്ലടാ അതോണ്ടാ.".അവന്റെ എപ്പോഴും നനഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ നോക്കി അവനോട് മറുത്തു പറയാനും എനിക്കു തോന്നാറില്ല. കറുത്ത അവന്റെ മുഖത്തേക്കു പാറിവീണ ചുരുണ്ടമുടി പിന്നിലെക്കു മാടിയൊതുക്കി അവന്‍ പതിയെ സംസാരിച്ചു തുടങ്ങി, "മനൂ അവള്‍ക്കെന്നെ ഒരുപാടിഷ്ടാ" "ആര്‍ക്ക്?' കാറ്റ് കാതില്‍ മൂളുന്നപോലെ അവന്‍ എന്റെ കാതില്‍ പേരുപറഞ്ഞു."ഹോ ആ കുട്ടിയോ? നിന്നോടോ.?"..എനിക്കതിശയമായിരുന്നു. "അതേടോ അവള്‍ക്കെന്നെ ജീവനാ. ക്ലാസ്സില്‍ അവള്‍ എന്നെ നോക്കിയിരിക്കും". "നീ അവളോട് സംസാരിച്ചുവോ.?"" ഇല്ലടാ ഒരു പെണ്ണിന്റെ കണ്ണില്‍ നോക്കിയാല്‍ അവള്‍ സ്നേഹിക്കുന്നുണ്ടോ എന്നറിയാം". "ഉവ്വോ."?" നീ എനിക്കൊരു ഉപകാരം ചെയ്യണം. ഒരു ലൗ ലെറ്റര്‍ എഴുതിത്തരണം" .."അയ്യേ എനിക്കൊന്നും വയ്യാ."".മനൂ നീ സഹായിക്കില്ലേ.?"..ഞാന്‍ ധര്‍മ്മസങ്കടത്തിലായ്, "തരാം എഴുതിത്തരാം"."ശ്രുണുമുഖീ" കഥകളിപ്പദം കാതിലേക്കൊഴുകിയെത്തി ആലിലക്കാറ്റിനൊപ്പം.ഒരു ചെമ്പകപ്പൂ അടര്‍ന്നെന്‍ നെറ്റിയില്‍ പതിച്ച് മൂക്കില്‍ തട്ടി മടിയില്‍ വീണു.

അവള്‍ അങ്ങനെയായിരുന്നു...

ഒട്ടും ഒരുങ്ങാതെ അലസമായ് അയാള്‍ക്കൊപ്പം നടന്നിരുന്ന അവളെ നോക്കി ആ തമിഴത്തി വിളിച്ചു പറഞ്ഞു.."അയ്യാ കൊഞ്ചം മുല്ലപ്പൂവാങ്ങി പൊണ്ടാട്ടിക്കു കോടയ്യാ...""മേടിക്കട്ടേടീ...?" "പിന്നെ നിങ്ങളിങ്ങുവാ മനുഷ്യനെ.."അവള്‍ കൈയില്‍ പിടിച്ചു വലിച്ചു.അതിരാവിലെ ഒഴിഞ്ഞ പാര്‍ക്കിലൂടെ നടക്കുന്വോള്‍ അവള്‍ നിറയെ സംസാരിച്ചുകൊണ്ടിരുന്നു. അയാള്‍ അവളുടെ വാക്കുകളുടെ മധുരം നുകര്‍ന്നും അവളുടെ മുഖത്തു വിടരുന്ന ഭാവങ്ങള്‍ മനസ്സില്‍ നിറച്ചും ഒരിളം പുഞ്ചിരിയോടെ ആഹ്ലാദിച്ചു. വെറും പത്തു ദിനങ്ങള്‍ മാത്രം. അതിന്റെ ഒരു നിമിഷങ്ങള്‍പോലും നഷ്ടപ്പെടുത്താന്‍ അവരാഗ്രഹിച്ചില്ല.നടന്നു നടന്നു പോകെ അയാള്‍ അവളെ പിടിച്ചു തനിക്കഭിമുഖമായ് നിര്‍ത്തി ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..അവള്‍ സംസാരം നിര്‍ത്തി അവനെ കൗതുക പൂര്‍‌വ്വം വീക്ഷിച്ചു...അവന്റെ നോട്ടം അവളിലേക്കിറങ്ങി വരുന്നതവളറിഞ്ഞു...ഒരു വാക്കുപോലും മിണ്ടാതെ എങ്ങനെ യാണു തന്റെ മനസ്സീ മനുഷ്യന്‍ കീഴടക്കുന്നതെന്നവളറിഞ്ഞു...അങ്ങനെ തോറ്റാല്‍ ശരിയാവില്ലല്ലോ..."യ്യോ! ദാ , ആരോ വരണൂ..".അവള്‍ പിടഞ്ഞു മാറി....അപ്പൊള്‍ അവനു വല്ലാതെ ചിരി വന്നു, ഒപ്പം അവള്‍ക്കും.

ഗ്രാമം വിളിക്കാറുണ്ടല്ലോ.....

മടലു ചെത്തിയും തടി ബാറ്റിലും കളിച്ചു കേമന്മാരായപ്പോള്‍ ഞങ്ങള്‍ക്ക് നല്ലൊരു ബാറ്റ് സംഘടിപ്പിക്കാന്‍ ഒരു മോഹം അങ്ങനെ നുള്ളിപ്പെറുക്കി ഞങ്ങള്‍ പണം ഉണ്ടാക്കി അപ്പൊഴാണു എവിടെ നിന്നും വാങ്ങും എന്ന പ്രശ്നം ഉദിച്ചതു. ഞങ്ങളുടെ ഗ്രാമത്തില്‍ എന്താണു ക്രിക്കറ്റ് എന്ന് ഒറ്റമനുഷ്യര്‍ക്കറിയില്ല. ഒടുവില്‍ പേട്ടയില്‍ പോയി അന്വേഷിക്കാം എന്ന തീരുമാനത്തിലാണു ഞങ്ങല്‍ അഞ്ചഗ സംഘം അവിടെ തെണ്ടിത്തിരിയാന്‍ ബസ്സിറങ്ങുന്നതു..നടന്നു നടന്നു കാലിലെ തൊലി പൊള്ളിയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. ദാഹിച്ചപ്പൊള്‍ വാസുദേവന്‍ ഒരു കടയില്‍ ചെന്നു വെള്ളം ചോദിച്ചു. കടക്കാരന്‍ പറഞ്ഞു വെള്ളത്തിനു കാശുകൊടുക്കണം എന്ന്....ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു വെള്ളത്തിനുംകാശോ.!. അതിനു ഞങ്ങളുടെ അഭിമാനം സമ്മതിച്ചില്ല...പേട്ടയിലുള്ള എല്ലാ പൈപ്പിന്റെയും ചുവട്ടില്‍ പൊയി നോക്കിയിട്ടും വെള്ളമില്ല. അവസാനം തുള്ളിതുള്ളിയായ് ജലം സരിഗമ പാടിയിരുന്ന ഒരു പൈപ്പില്‍ നിന്നും തൊണ്ട നനച്ചു ഞങ്ങള്‍ നാട്ടില്‍ ബസിറങ്ങി..........ശുദ്ധവായു ആവോളം വലിച്ചു കയറ്റി നെഞ്ചു നിറച്ചു കൈക്കുന്വിളില്‍ സ്ഫടിക സമാനമായ വെള്ളം കുടുകുടാക്കുടിച്ചു മനസ്സു നനച്ചു........

സേവനവാരം............

സേവന വാരം ഞാങ്ങള്‍ക്ക് ഉല്‍സവം പോലെ ആയിരുന്നു. അതിലൊരു ദിവസം ഞങള്‍ 'പറയുന്ന പാറ'കാണാന്‍ പോകും. വലിയൊരു പാറ, അതിന്റെ മുകളില്‍ കൈകല്‍ നിവര്‍ത്തി നില്‍ക്കുന്ന ഒരു പാലമരം. ഞങ്ങള്‍ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ മുഴുവന്‍ ഉണ്ടാവും അവിടേക്കു നടന്നു പോകാന്‍. പോകുന്ന പോക്കില്‍ ആറ്റിലെ മീന്‍ കുട്ടത്തിനു നേരേ കല്ലെറിഞ്ഞും കല്ലു കരടുകാഞ്ഞിരക്കുറ്റി മുതല്‍ മുള്ളുമുരടു മൂര്‍ഖന്‍ പാന്വിനെ വരെ ചവിട്ടിമെതിച്ചും കൂകി വിളിച്ചും കഥകള്‍ പറഞ്ഞും ആഹ്ലാദിച്ചൊരു യാത്ര ! മലമുകളിലേക്കു കയറുന്വോള്‍ വഴുവഴുക്കുന്ന പാറയില്‍ ഞങ്ങള്‍ കൈകോര്‍ത്തു പിടിക്കും...പാറയിടുക്കിലൂടെ ഒഴുകിവരുന്ന നീര്‍ച്ചോലയെ കൈക്കുന്വിളീല്‍ കോരിക്കുടിക്കും....അവസ്സാനം മലമുകളിലെത്തിയാല്‍ മുകളില്‍ നിന്നും തോന്നിയതൊക്കെ വിളിച്ചു പറയും.അതു ഞങ്ങളുടേ കാതിലെക്കു തിരിച്ചു വരുന്നതു കേള്‍ക്കുന്വോല്‍ കോള്‍മയര്‍ കൊള്ളൂം....തിരിച്ചിറങ്ങുന്നതിനു മുന്വേ ഞാന്‍ ഒരു ചെങ്കല്ലുകൊണ്ട് അവളുടെ പേരെഴുതി വെച്ചു എന്റെ പേരിനൊപ്പം! ഇത്തവണ നാട്ടില്‍ ചെന്നപ്പോ പറയുന്ന പാറകാണാന്‍ ഒരു മോഹം ..പക്ഷെ അതൊരു പാറമടയായി..ആ പേര്, ഇപ്പോ ഏതു വീടിന്റെ അസ്ഥിവാരത്തിലായിരിക്കും.....!!!

നരകം, ഒരു നാടക കഥ..

നരകംഎന്ന നാടകം തിരഞ്ഞെടുക്കുന്വോള്‍ തന്നെ ആ വര്‍ഷത്തെ ഒന്നാം സ്ഥാനം ഞങ്ങള്‍ നേടിയെടുത്തപോലെ ആയിരുന്നു. കഥാ പാത്രങ്ങളെ തിരഞ്ഞെടുത്തപ്പോല്‍ ഗ്ലാമര്‍ വേഷത്തിലെന്നും നിന്നെപ്പറ്റില്ലാ എന്ന നിലപാടില്‍ അതിലെ കിളവന്റെ റോള്‍ എനിക്കു തന്നു, എന്നിട്ടു സുനിലിന്റെ കമന്റ് 'ഉല്‍സാഹിച്ചാല്‍ ബെസ്റ്റ് ആക്ടറാവാം' എന്നു. നരകം ഒരു സര്‍ക്കാര്‍ ആസ്പത്രി,അവിടേക്ക് മകനെ ചികില്‍സിക്കാന്‍ കൊണ്ടുവരുന്ന കിളവന്‍ ; ഡോക്ടറോട് തന്റെ മകനെ രക്ഷിക്കന്‍ സങ്കടത്തോടെ അപേക്ഷിക്കുന്ന സീന്‍ വരെ സൂപ്പറായ് . ആ രംഗത്തില്‍ എന്റെ മകനായ് അനില്‍; തലയില്‍ പപ്പടം ഒട്ടിച്ചു മൊട്ടത്തലയനായ് വയറും ഉന്തിപ്പിടിച്ചു രംഗത്തു വന്നു, ഞാന്‍ ഡയലോഗ് കീച്ചാന്‍ തുടങ്ങി."എന്റെ പൊന്നു ഡാക്കിട്ടര്‍ സാറേ എന്റെ മോനേ രക്ഷിക്കണ.".അപ്പോഴാണൂ റിഹേഴ്സല്‍ സമയ്ത്തു ഒരിക്കലും കേള്‍പ്പിക്കാതിരുന്ന ചില അപ ശബ്ദങ്ങള്‍ അനില്‍ പുറപ്പെടുവിച്ചതു...അതു കേട്ട് എനിക്ക് വല്ലാതെ ചിരിപൊട്ടി...നാടകം കഴിഞ്ഞതും ഞാന്‍ നൂറില്‍ സ്ഥലം കാലിയാക്കി.....എന്നിട്ടും നാടകത്തിനു സെക്കന്റ്.(കാരണം എന്റെ ചിരി കരച്ചില്‍ പോലെ എന്ന് ചെങ്ങാതി മൊഴി.ഹി ഹി,,..ങ്ങീ...ങ്ങീ.)

മഴയില്‍ കുതിര്‍ന്ന പ്രണയം..

മഴകള്‍ എത്ര തരം....പൊടി മൂടിക്കിടക്കുന്ന ചെമ്മണ്‍ പാതയിലേക്ക് വന്നു പതിക്കുന്ന മഴ..പൊടിയെ നീരാവിയാക്കുന്നു. അകലെ നിന്നും നടന്നു വരുന്ന മഴ...നെല്പ്പാടങ്ങളിലൂടെ. ..ഇടിവെട്ടി ഉഗ്രതാളത്തില്‍ ഭൂമിയെ മര്‍ദ്ദിക്കുന്ന മഴ..( ഒരു കുടിയന്‍ ഭാര്യയെ ചാന്വുന്ന പോലെ) അതി ലളിതമായ് വസുധയെ ഉമ്മവെക്കുന്ന ചാറ്റല്‍ മഴ ( നോവരുതേ എന്നു നിനച്ച് കാമുകിക്കു കൊടുക്കുന്ന ചെറു ചുംന്വനം പോലെ..)രാത്രിയില്‍ മൂടിപ്പുതച്ചു കിടക്കുന്വോള്‍ കാതില്‍ കിന്നാരമാകുന്ന മഴ...കണ്ണു മിഴിച്ച് ആകാശത്തിലേക്കു നോക്കി നോക്കി നില്‍ക്കേ മിഴിയും മനസ്സും നിറക്കുന്ന കുളിര്‍ മഴ...അവളോട് ചേര്‍ന്നു നടന്നപ്പോ ഞാന്‍ വിചാരിച്ചു ഒരു മഴ പെയ്തിരുന്നു എങ്കില്‍....ഒരു പാട് കൊതിച്ചു..അപ്പോ മാനത്തു നിന്നും വല്യഭാവത്തില്‍ മൂന്നാലു തുള്ളികള്‍..നീയൊന്നു പെയ്യൂ മഴപ്പെണ്ണേ എന്ന് മനസ്സുരുകി വിളിച്ചിട്ടും ആ അഹങ്കാരി വന്നില്ലാ....അവള്‍ അപ്പോ എന്നെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു...അവളും മഴയും കൂട്ടാന്ന് പിന്നെയാ ഞാന്‍ അറിഞ്ഞേ.. അതിനു ഞാന്‍ അവളോട് കലഹിച്ചപ്പോള്‍ അവള്‍ പറയാ..".നിന്റെ മഴ ഞാന്‍ അല്ലേ..."? എന്നു.

പൂമരം പെയ്യുന്നതെപ്പോള്‍

ഒരു പൂമരത്തിനു കീഴേ നിന്നവള്‍ എന്നോട് സംസാരിക്കുകയായിരുന്നു. ആ മരത്തില്‍ നിന്നും മഞ്ഞപ്പൂക്കള്‍ അടര്‍ന്നു വീണ് മണ്ണിനെ മറച്ചിരുന്നു. ആ പൂക്കളെയും തോല്പ്പിക്കാനെന്നപോലെ സൗന്ദര്യമുള്ളവാക്കുകള്‍ ഉതിര്‍ത്ത് അവള്‍ എന്റെ മുന്നില്‍ നിന്നു. " അങ്ങനെ ഞാന്‍ ആ സ്റ്റെപ്സ് കയറിച്ചെന്നപ്പോള്‍ അവിടെ രണ്ടു കുട്ടികള്‍ എല്ലാം മറന്നു നില്‍ക്കുന്നു, ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കൈയ്യില്‍ ഒരു ചിത്രശലഭത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു.അവള്‍ അവനോട് ചേര്‍ന്ന് അനങ്ങാതെ നിന്നു. അവരെ തടസ്സപ്പെടുത്താതെ ഞാന്‍ കാത്തു നിന്നു. അപ്പോഴാണ് അയാള്‍ വന്നതും ആ കുട്ടികള്‍ക്കു നേരെ 'കടന്നു പോകൂ 'എന്നലറിയതും. എന്നിട്ട് ആ ദുഷ്ടന്‍ എന്നെ നോക്കിപ്പറഞ്ഞു മാഡം കയറിപ്പൊയ്ക്കോളൂന്ന്.....പിന്നീട് പലരാത്രികളിലും ആ കുട്ടികള്‍ എന്റെ ഉറക്കം കെടുത്തി അവരുടെ കണ്ണുകള്‍ എന്നെ നോവിച്ചു.."ഇത്തവണ എനിക്ക് അവളെ തോല്പിക്കണം എന്നു വാശിയായി..."കഷ്ടം ആ മനുഷ്നെ നീ മനസ്സിലാക്കിയില്ലല്ലോ അവന്‍ നിന്നെ പ്രണയിക്കാന്‍ ശ്രമിക്കുകയായിരുന്നു..!""ഉവ്വോ"എന്നവള്‍ അതിശയിച്ചു..............."ഉവ്വന്നേ;എന്നു ഞാന്‍ മന്ദഹസ്സിച്ചു...പൂമരം പെയ്യ്തു...

പാവം പാവം ബ്ലോഗന്‍

ഒരു ബ്ലോഗന്റെ ദുരിത കഥ...മനസ്സില്‍ വട്ടുപിച്ച ഒരു ദിവസമാണു ഒരു ബ്ലോഗു കീച്ചിയാലോ എന്നു വിചാരിച്ചേ. വട്ടുപൂത്തു കഴിഞ്ഞാല്‍ പിന്നെ അതു കായ്ക്കാതെ ഫലം വിളഞ്ഞു പഴുക്കാതെ ഒരു ഭ്രാന്തനും സ്വസ്തത കിട്ടില്ലാ. അങ്ങനെ ചില അലുഗുലുത്തു പരിപാടികളൊക്കെ മേന്‍പൊടിചേര്‍ത്ത് ഒരു ബ്ലോഗും റെഡിയാക്കി നോബല്‍ സമ്മാനവും പ്രതീക്ഷിച്ചിരുന്നു. ആള്‍ക്കാരൊക്കെ ബ്ലോഗില്‍ വന്നു വായിച്ചു രോമാഞ്ച കഞ്ചുകം അണിയുമെന്നും പ്രണയം തുടിക്കുന്ന വാക്കുകളാല്‍ തരുണീ മണികള്‍ ( ഈ തരുണീ മണികള്‍ മുഴങ്ങുന്നതു മുഴുക്കെ ഫേക്ക് ഐഡി യില്‍ അണെന്നാണു കിം വദന്തി) കമന്റ് കീച്ചുമെന്നും സ്വപനം കണ്ടു കിടുകിടാ വിറച്ചു...ഒറ്റ എണ്ണം പോലും ആ വഴിക്കേ വന്നില്ല. വന്നവരൊക്കെ മിക്കവാറും അവശനിലയില്‍ ആവും തിരിച്ചും പോയതു.ഇനി അറ്റ കൈ പ്രയോഗിക്കാം എന്നു വിചാരിച്ച്. ഓരോരുത്തന്റെയും അടുത്തു ചെന്നു' ഞാന്‍ ഒരു പോസ്റ്റ് നാട്ടി സമയം കിട്ടുന്വോ ഒന്നു ചൊറിയണേ' എന്ന് താഴ്മയായ് അപേക്ഷിച്ചു. ബസ് സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ കറങ്ങുന്ന ചിലരോടുകാണിക്കുന്ന പരിഗണന പോലും ആരും തന്നില്ല.ബ്ലോഗ് വായിക്കാത്ത എല്ലാത്തിനിട്ടും ഞാന്‍ കൂടോത്രം നടത്തും എന്ന് മനസ്സില്‍ നിനച്ച അന്നു രാത്രി ബ്ലോഗന്‍ സുഖമായി ഉറങ്ങീ

പ്രണയ ലേഖനം എങ്ങനെ എഴുതണം...?

എട്ടുപത്തു ദിവസ്സം സൂസമ്മക്കു പിന്നാലെ നായ് നടക്കുന്നതു പോലെ നടന്നു തോമസ് അവളെ ലൈല്‍ ആക്കാനുള്ള ആദ്യപടി കടന്നു. ഇനി ഒരു കത്തെഴുതണം തന്റെ ഉള്ളീല്‍ ജ്വലിക്കുന്ന പ്രണയത്തെ അവളുടെ മുന്നില്‍ എത്തിക്കണം . തോമസ്സിനു റബ്ബര്‍ റ്റാപ്പുചെയ്യുന്ന ഭാഷയും. അതിനാല്‍ കോളേജിലെ സുരഭില ഭാഷയുടെ ആശാന്‍ ഹരിയെക്കണ്ട്, സങ്കടം ഉണര്‍ത്തിച്ച് കത്തെഴുതിച്ചു..പ്രിയ ചകോരമേ,നിത്യ നിരാശയില്‍ മനസ്സുവെന്തുരുകി ആവിയാവാന്‍ തുടങ്ങിയ വേളയില്‍, കൈക്കുടന്ന യില്‍ ജലസംഭരണിയുമായ് വന്നെന്റെ ഉതക്കട ദാഹത്തെക്കെടുത്തിയ പ്രണയ ചക്രവാമേ, നീ ഇല്ലാതെ, നിന്റെ സ്വപ്നങ്ങളില്ലാതെ ഞാന്‍ എങ്ങനെ നിശീഥിനി നീന്തിക്കടക്കും. വരിക സജ്ജയായ്, എന്നാരാമത്തിലേക്ക്. പ്രണയ പൂര്‍‌വ്വം നിന്റെ സ്നേഹ വേഴാന്വല്‍.പിറ്റേന്ന് കത്തു കൊടുത്തപ്പോള്‍ തോമസിന്റെ മനം നിറയെ പ്രണയ സുരഭിലവും ആശാഭരിതവും ആയിരുന്നു..എന്നാല്‍ കത്തു വായിച്ച്, അവള്‍ ഓടിപ്പോയി, തോമസ്സിനോട് ഒരു വാക്കു പോലും പറയാതെ..പിന്നീട് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞറിഞ്ഞു...തോമസ്സിനു വട്ടാന്ന് അവള്‍ പറഞ്ഞു നടക്കുന്നു പോലും.കോട്ടയം കാരിപ്പെണ്ണൂങ്ങളുടെ അടുത്ത് സാഹിത്യം മുണ്ടിപ്പോകരുത് എന്നാ ഹരി തോമസ്സിനെ ആശ്വസിപ്പിച്ചെ.

...(ആരാ പറഞ്ഞെ കോട്ടയം കാരി കൊച്ചുങ്ങള്‍ക്ക് റബ്ബര്‍ മണമെന്നു...?)

റബ്ബര്‍ തോട്ടത്തില്‍ വെച്ചാണു ഞാന്‍ ആദ്യം അവളെ കാണുന്നത്..ഞെരു ഞെരാ പൊട്ടിവീഴുന്ന റബ്ബര്‍ക്കായ്കള്‍, അപ്പോള്‍ ആ തോടുകൊണ്ട് ഒരു കാറ്റാടി പന്വരം തീര്‍ത്ത് അതിന്റെ മുനകള്‍ തള്ളവിരലിനും ചൂണ്‍ടു വിരലിനും ഇടയില്‍ കൊരുത്ത് ഓടിവരുന്ന ഒരു റോസ് പാവാടക്കാരി, എന്നെക്കണ്ടതും അവള്‍ തിരിഞ്ഞോടി, ചുണ്ടില്‍ വന്ൊരു ചിരി ഒട്ടും ഒതുക്കാതെ ഞാന്‍ ഉറക്കെ ച്ചിരിച്ചു,പിന്നീട് അവള്‍ക്കെന്നെ ഇഷ്ടമായൊരു ദിവസം പാതി തിന്ന ഒരു പേരക്കയും കൈയില്‍ പിടിച്ചു എന്റെ മുഖത്തെക്കു നിര്‍ന്നിമേഷം നോക്കി നിന്ന അവളോടു ഞാന്‍ പറഞ്ഞു.നീ ഒരു മാലാഖയാണെന്നു.. പിന്നെ ഞാനൊന്നുമല്ലേയ് എന്നവള്‍ ചിരിച്ചു, അല്ല നീ സുന്ദരിയായ ഒരു മാലാഖക്കുട്ടിതന്നാ എന്നു ഞാന്‍ വാശിപിടിച്ചപ്പോള്‍ എന്നാല്‍ എന്റെ ചിറകുകള്‍ എവിടെ എന്നവള്‍ എന്നെ തോല്പിച്ചു, ഒരു നിമിഷം അവളുടെ മുഖത്തേക്കു നോക്കിയ ഞാന്‍ അവളുടെ കൈകള്‍ കവര്‍ന്നു എന്റെ തോളില്‍ വെച്ചു പറഞ്ഞൂ ഇതാ നിന്നെയുമായി പറക്കാനുള്ള ചിറകുകള്‍...അപ്പോള്‍ നാണം ഇരച്ചു കയറിയ മുഖത്തോടെ അവളു പറയുകയാ..നീ ഒരിക്കലും തോല്‍ക്കില്ലാ അല്ലേ...(ആരാ പറഞ്ഞെ കോട്ടയം കാരി കൊച്ചുങ്ങള്‍ക്ക് റബ്ബര്‍ മണമെന്നു...?)

കോവാക്കാ...

കോവക്കാമെഴുക്കു പുരട്ടി അവനു ഒരുപാടിഷ്മാണെന്നു പറഞ്ഞിട്ടും,ഒരിക്കല്‍ പോലും അവനതു വെച്ചുകൊടുക്കാതിരുന്നതിന്റെ കാരണം അറിയാന്‍ ഒരു ദിവസം കറുത്തവാവു രാത്രി അവന്‍ അവളേ ഹിപ്പ്നോട്ടയ്സ് ചെയ്യ്‌തു, അവള്‍ പറഞ്ഞുതുടങ്ങി:ഞാനന്നു ചെറുതാണേ, വീടിന്റെ പിന്നില്‍ ഒരു ചെറിയ കാടുണ്ടേ,അവിടെ ഒരു ചെത്തി മരം ഉണ്ടേ,അതില്‍ നിറയെ നല്ല ചോന്ന ചെത്തിപ്പഴം ഉണ്ടേ ( ഒറ്റ ഇടികൊടുക്കാന്‍ മനഃശാസ്ത്രജ്ഞനു തോന്നിയിട്ടും സം‌യമനം പാലിച്ചു) ആ ചെത്തിമരത്തില്‍ ഒരു കോവല്‍ പടര്‍ന്നിരുന്നേ, അതില്‍ നിറയെ പച്ച നിറമുള്ള കോവക്കാ, എനിക്കതു പറിച്ചു തിന്നാന്‍ തോന്നിയെ, അങ്ങനെ ഞാന്‍ ഒരു കല്ലെടുത്തുവെച്ചു കയറിനിന്നു പറിക്കാന്‍ നോക്കി, പറ്റുന്നില്ല, അടുത്ത ഒരു കല്ലെടുത്തുവെച്ചേ, പിന്നെ ഒരു കല്ലൂടെ എടുത്തുവെച്ച് പതിയെ ബാലസ് പിടിച്ചു കയറിനിന്നു പച്ച നിറമുള്ള കോവക്ക പറിച്ചു എന്റെ വെള്ളപെറ്റിക്കോട്ട് മടക്കി അതില്‍ വെച്ചേ, പിന്നെ ചോന്ന ചെത്തിപ്പഴം പിന്നെ പച്ചക്കോവക്കാ...അപ്പോ ദേ നാവും രണ്ടു കണ്ണും കൊന്വും ഉള്ള ഒരു കോവക്കാ...എന്റമ്മോ... പാന്വ്... അവള്‍ അലറി വിളിച്ചു ഞെട്ടിയുണര്‍ന്നപ്പോള്‍ അവന്‍ ആശ്വസിപ്പിച്ചു..അതൊരു പച്ചിലപ്പാന്വായിരുന്നു...

പ്രണയ നഷ്ടം.

"ഇനി നമുക്കു പിരിയാം" . അതു പറഞ്ഞപ്പോള്‍ അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയില്ലാ. മഴപെയ്യുന്ന ഒരു സായം സന്ധ്യയില്‍ . ഈ ലോകത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ ആവില്ലാ എന്ന് അവനും അവള്‍ക്കും അത്രക്കു ഉറപ്പായിരുന്നു. ആരതു പറയും എന്നു മാത്രമായിരുന്നു പ്രശനം. അവന്‍ അതു പറഞ്ഞല്ലോ എന്നവള്‍ ആശ്വസ്സിച്ചൂ..എങ്ങനെ അതു പറഞ്ഞൂ എന്നവന്‍ അതിശയിച്ചു. നീലച്ചൂരീദാര്‍ ധരിച്ച് റെയില്‍ വേ സ്റ്റേഷനില്‍ അവനെ യാത്രയാക്കാന്‍ അവള്‍ വന്നൂ.. ഒപ്പം കൊത്തിപ്പറക്കാന്‍ മോഹിച്ച് അവന്‍ നിന്നൂ...വണ്ടി വന്നു നിന്നപ്പോള്‍ ഒന്നും പറയാതെ അവന്‍ അതില്‍ കയറി, അവള്‍ നിര്‍ന്നിമേഷം അവനെ നോക്കി നിന്നു, വണ്ടി ചലിച്ചു തുടങ്ങിയപ്പോള്‍ അവള്‍ അവനെ നോക്കി നിന്നു. അവന്റെ കണ്ണുകളിലേക്കു മാത്രം. അവള്‍ അവനോട് പരിഭവിക്കുകയായിരുന്നോ...? അവളേയും കൂട്ടാതിരുന്നതില്‍.!ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവന്‍ അവളേ കണ്ടൂ ഒരു കന്യാസ്ത്രീയുടെ വേഷത്തില്‍...! ഞേട്ടിപ്പോയ് !കോട്ടയത്തു വണ്ടി നിന്നപ്പോള്‍ അവന്‍ ഓടിപ്പോയ് ഹോസ്റ്റലിലേക്കു റ്റെലഫോണ്‍ ചെയ്തൂ,,,"നിന്നെ എനിക്കു വേണം......."അവളപ്പോ പറഞ്ഞൂ "കാത്തിരിക്കാരുന്നൂ ഞാനീ ഫോണിന്....."

കള്‍സ് എന്ന തമ്പുരാന്‍...

കൈയില്‍ മദ്യക്കുപ്പിയുമായ് പ്രവേശിക്കുന്ന വള്ളിനാരുപോലുള്ള പെണ്‍കൊടി വാ കീറിയ ദൈവം ഇര തരും എന്ന മട്ടില്‍ വെളുക്കെ ചിരിച്ചു. റ്റെലിവിഷന്റെ മുന്നില്‍ കുത്തിയിരുന്ന ഓള്‍ഡ് സിറ്റിസണ്‍സ് അവളെക്കണ്ട് കണ്ണീമ ചിമ്മാതെ ഒന്നിനു പോലും പരസ്യം ആവട്ടേ എന്ന മട്ടില്‍ ഇറുകിപ്പിടിച്ചിരുന്നു.."ഹായ് ഗുഡ് ഈവനിങ്ങ് എവരി'വടി' . കുത്തിയിരിക്കണ എല്ലാപ്പഹയന്മാര്‍ക്കും സു സാകതം.. ഇന്നത്തെ കള്‍സ് അടി റിയാലിറ്റി ഷോയില്‍ കള്‍സ് അടിച്ച് പാട്ടു പാടുന്നവരെയും വാള്‍സ് വെക്കുന്നവരെയും ഉഡാന്‍സ് കീച്ചുന്നവരെയും നിങ്ങലുടെ സഹായത്തോടെ തെരെഞ്ഞേടുക്കുന്നു..."ആദ്യമായ് മയിലാടും കുന്നിലെ പാപ്പു പരമേശ്വരന്‍...ആള്‍ ഒരു കുപ്പി കള്‍സ് വീശി വിവശതയോടെ താഴെ വീണു..ജഡജസ്... ഉതുപ്പ്... കുറച്ചൂടെ നിര്‍ത്തി നിര്‍ത്തി കീച്ചണം എന്നാലേ..പാവം വരൂ...സുന്ദര വിഡ്ഡി..: ഹി ഹിഹി... കൊള്ളാം ചേട്ടാ..വീട്ടില്‍ എത്ര പെണ്‍കുട്ടികളുണ്ട്...ക്യാമറാ...ബാക്ക് റ്റു..തോപ്പിന്‍ കുറ്റി ഷാപ്പ്"നിര്‍ത്തടേ നിന്റെ റ്റെലിവിഷന്‍,,ഇവിടെ പത്തു കുപ്പി വീശി മേഹ മല്‍ഹാര്‍ വീശുന്ന ഞങ്ങടെ അടുത്താ ഓന്റെ ഒരു ക്ലീഷേ...."

പ്രണയം സാന്ദ്രമാകുന്നു

സന്ധ്യ അതിന്റെ എല്ലാ ശോഭയോടെയും അവരുടെ മനസ്സിനെ തരളിതമാക്കി, അവര്‍ നിന്നിരുന്ന കുന്നില്‍ മുകളിലെ വലിയ പാറക്കു മുകളില്‍ കയറി നിന്നു സൂര്യനെ നോക്കാന്‍ അവന്റെ മനസ്സു തുടിച്ചു." നീ ഇവിടെ നില്‍ക്ക, വഴുവഴുക്കുന്ന പാറയാ..ഞാന്‍ കയറിയിട്ടു വരാ ട്ടോ..". അവള്‍ അവനെ നോക്കി മന്ദഹസ്സിച്ചു തലയാട്ടി..വിചാരിച്ചതിലും പ്രയാസമായിരുന്നു മുകളിലേക്കുള്ള കയറ്റം . ആയാസത്തൊടെ അതിനു മുകളിലെത്തി നിവര്‍ന്നു നിന്നു സൂര്യനെ നോക്കി അവന്‍ ആഹ്ലാദിച്ചു. സൂര്യന്‍ നിര്‍ല്ലോഭം അവനിലെക്ക് തന്റെ കാന്തി വിതറുന്നുവല്ലോ എന്നഹങ്കരിച്ചവന്‍ നില്‍ക്കേ, പിന്‍ കഴുത്തില്‍ ഊഷ്മളമായ ഒരു നിശ്വാസം..അവളുടെ ഗന്ധം! അവന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കേ പിന്നിലവള്‍ , മായികമായ മന്ദഹാസത്തോടെ.."എങ്ങനെ നീ ഇവിടെ...?".എന്നവന്‍ അന്വരക്കേ "എന്നേ ഇവിടെക്കു നീ ആകര്‍ഷിച്ചെടുത്തൂ" എന്ന് കളി പറഞ്ഞവള്‍ നിറഞ്ഞു നിറഞ്ഞു ചിരിച്ചു...അവളെ ചേര്‍ത്തു നിര്‍ത്തി അവന്‍ പറഞ്ഞൂ "സൂര്യനെ കാണാന്‍ എന്തു ഭംഗി അല്ലേ...?"" അല്ലാ സുര്യനെ നൊക്കി നില്‍ക്കുന്ന നിന്നെക്കാണാന്‍ അതിലും ഭംഗിയാ..."ഇത്തവണ കൊടുങ്കാറ്റലറും പോലെ ചിരിച്ചതു അവളല്ലായിരുന്നു.....

പാരക്കഥ....

ആലീസ് മാത്യൂ കോളേജിലെ സൗന്ദര്യ റാണിയായിരുന്നു. പിന്നാലെ നടന്ന പല പൂവാന്മാരെയും അവള്‍ പുല്ലു പോലെ കുടഞ്ഞെറിഞ്ഞൂ. അവളോട് കാര്യം കുറച്ച് ഇഷ്ടമൊക്കെ തോന്നിയിരുന്നെങ്കിലും ജാഡക്കു ബദന്‍ ജാഡ എന്നതായിരുന്നു ഞങ്ങളുടെ പോളിസി, അവളെക്കാണുന്വോ ഹേയ് ഇതാര് എന്നമട്ടില്‍ നിസ്സാരവല്‍ക്കരിക്കുക, ഏ.ഡി.ബി കരാറിനെക്കുറിച്ചും ഗാട്ടിനെക്കുറിച്ചു ചുമ്മാ സംസാരിക്കുക ഇങ്ങനെ അവളെ പാതാളത്തോളം അവഗണിക്കുക. എന്നാല്‍ ചില മരങ്ങോടന്മാര് അവള്‍ പോയ്ക്കഴിയുന്വോള്‍ ഉളിഞ്ഞു നോക്കി ഞങ്ങളൂടെ മാനം കാറ്റില്‍ പറപ്പിച്ചിരുന്നു. ആ ഇടക്ക് അവളുടെ ചേച്ചിയുടെ കല്യാണം പ്രമാണിച്ച് അവള്‍ മൂന്നാലു ദിവസം ക്ലാസ്സില്‍ വന്നില്ലാ.. കിട്ടിയ അവസരം ഒട്ടും കളയാതെ ചാര്‍ത്തീ ഒരു പാര..ചേച്ചിയുടെ കല്യാണമെല്ലാം കഴിഞ്ഞു അവള്‍ ക്ലാസ്സില്‍ വന്നപ്പോള്‍ ക്ലാസ്സില്‍ കൂട്ടച്ചിരി, മന്ദന്‍ അവളുടെ അടുത്തു ചെന്നു പറഞ്ഞു" ഇതൊക്കെ എല്ലാര്‍ക്കും വരും, കുട്ടി വിഷമിക്കേണ്ടാ... നല്ല തേയില വെള്ളത്തില്‍ നാരങ്ങാപിഴിഞ്ഞൊഴിച്ചു കുടിച്ചാല്‍ മതി...."അന്നു രണ്ട് അവര്‍ നേരത്തെ കട്ട് ചെയ്തവള്‍ വീട്ടില്‍ പോയ്..... പിന്നീട് അവള്‍ ഞങ്ങള്‍ക്കു മുന്നില്‍ ഒരു ജാഡയും ഇറക്കിയില്ലാ...

പ്രണയം നഷ്ടമാകുന്നൂ...

വിനോദ് വളരെ ആത്മാര്‍ത്ഥ‌മായാണവളെ പ്രണയിച്ചിരുന്നത്,ആ കാലങ്ങളില്‍ അവന്റ് കണ്ണുകള്‍ക്ക് എന്തൊരു കാന്തി ആയിരുന്നു. അവനാകെ സുന്ദരനായ പോലെ എനിക്കു തോന്നിയിരുന്നു. എന്നെ പ്രയാസപ്പെടുത്തിയത് പഴയതു പോലെ ചീട്ടുകളീക്കാന്‍ പോകാന്‍ അവനെ കൂട്ടുകിട്ടിയില്ലാ എന്നതു മാത്രമായിരുന്നു.ഒരു ദിവസം അവന്‍ കോളേജ് കന്റ്റീനില്‍ ദുഃഖിതനായ് ഇരിക്കുന്നു. ഒരു ലോകമഹായുദ്ധത്തില്‍ തോറ്റപോലെ. ഒന്നും ഞാന്‍ ചോദിച്ചില്ലാ അവന്‍ ഒന്നും പറഞ്ഞില്ലാ.. അനൂപ് മാത്രം ഒരു മുട്ടന്‍ തെറിവിളിച്ചു. അവന്‍ സ്ഥിരം പെണ്‍കുട്ടികളെ അങ്ങനെ ബഹുമാനിക്കുന്നവനായതിനാല്‍ ആരും ഒന്നും പറഞ്ഞില്ലാ. ചുറ്റും കൂടിയ എല്ലാരിലും മ്ളാനത തളം കെട്ടി നിന്നിരുന്നു. എടാ എനിക്കൊന്നു കുളിക്കണം ഇരു കര കവിഞ്ഞു ഒഴുകുന്ന മീനച്ചിലാറ്റില്‍ അവനെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കു പറ്റില്ലായിരുന്നു.. എന്നിട്ടും അവന്‍ ഞങ്ങളെ അനുസരിക്കാതെ അതിലേക്കു കുതിച്ചു.. ഒപ്പം ഞാനും അനൂപും വില്‍സണും. എന്നിട്ട് അക്കരെ നീന്തിക്കയറി, കിതപ്പോടെ അവന്‍ ഞങ്ങളെ നോക്കിച്ചിരിച്ചു.. എടാ അതു ഞാന്‍ ആറ്റില്‍ ഒഴുക്കിക്കളഞ്ഞടാ....ഞങ്ങള്‍ നാലു പേരും മല്‍സരിച്ചു കൂവി.

പ്രണയം............

അവസാനം അതു സംഭവിച്ചു അവള്‍ അവനെ സ്നേഹിക്കാന്‍ തുടങ്ങീ. എന്നാലും വിവേകിന്റെ ആഗ്രഹം പോലെ അവനോടൊപ്പം ചുറ്റിനടക്കാനൊ സിനിമക്കു പോകാനോ അവള്‍ തയ്യാറായിരുന്നില്ല. അപ്പോഴാണു അലക്സ് ഒരു ഐഡിയാ വിവേകിനോടു പറഞ്ഞുകൊടുത്തത്.രണ്ടു ദിവസം മുങ്ങി നടന്ന വിവേക് മൂന്നാം ദിവസം കാമുകിക്കു മുന്നില്‍ പ്രത്യക്ഷനായ് അതീവ ഗല്‍ഗദത്തോടെ മുരണ്ടു. "എനിക്ക് ഹാര്‍ട്ടിനു പ്രോബ്ലം ആണു മിക്കവാറും ബൈപാസ് വേണ്‍ടി വരും" അവള്‍ ഒന്നും മിണ്ടാതെ കുറച്ചു സമയം അവനെ വേദനയോടെ നോക്കി നിന്നു രംഗം ഒന്നൂടെ കൊഴിപ്പിക്കാന്‍ അവന്‍ പറഞ്ഞു "ചിലപ്പൊള്‍ മരിച്ചു പോകാനും സാധ്യതയുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞിരികുന്നതു". അവള്‍ ഒരു പിടച്ചിലോടെ നടന്നകന്നു.. അവളേ ബൈക്കിന്റെ പിന്നിലിരുത്തി ഷൈന്‍ ചെയ്യുന്ന കാര്യം ഓര്‍ത്ത് വട്ടുപിടിച്ച് വിവേകും...പിറ്റേന്ന് മധുരസ്വപ്നത്തില്‍ മയങ്ങി നീലിമക്കരുകിലെത്തിയ അവനെ മൈന്‍ഡ് ചെയ്യാതെ അവള്‍ കൂട്ടുകാരികള്‍ക്കിടയിലൊളിച്ചു....അലക്സിനു അപ്പോഴും ഒരു ഐഡിയാ ഉണ്ടായിരുന്നു.. ഒരു മെഡിക്കല്‍ സേര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഫുള്‍ ഫിറ്റ് എന്നു തെളിയിക്കടേ....ന്ന്.

അമ്മ...... മാക്സിം ഗോര്‍ക്കി...

അമ്മ
വ്ലാസോവ് കുടിച്ചു ലെക്കുകെട്ട് വീട്ടില്‍ വന്ന് ചുവരില്‍ തൂക്കിയിരിക്കുന്ന ഘടികാരം എടുക്കാന്‍ ശ്രമിക്കുന്നു. പാവല്‍ (ഓമനപ്പേര് - പാഷ്ക) കിടന്നുറങ്ങുന്നു. അവന്റെ അമ്മ ഭര്‍ത്താവിനെ തടയുന്നു, ഘടികാരം നിലത്തുവീണുടയുന്നു, വ്ലാസോവ് ഭാര്യയെ ആക്രമിക്കുന്വോള്‍ പാഷ്ക ഉണര്‍ന്നെണീറ്റ് ഒരു ചുറ്റിക കൈയിലെടുത്തു ചുഴറ്റി അലറി "തന്റെ അമ്മയെ തൊട്ടുപോകരു"തെന്ന്.ആദ്യം വിപ്ലവത്തിനെക്കുറിച്ച് ഒന്നും അറിയാതിരുന്ന അമ്മ പിന്നീട് ലഘുലേഖവിതരണം ചെയ്യുന്നു,വിപ്ലത്തിനായ് ജീവിതം ഉഴിഞ്ഞുവെക്കുന്നു. തന്റെ മകനെ രക്ഷിക്കാന്‍ ജയിലില്‍ എത്തി രഹസ്യം കൈമാറുന്നു.ജയിലില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പാഷകക്കു വെടിയേല്‍ക്കുന്നു അവസാന ശക്തിയും സംഭരിച്ച് അവന്‍ തൊഴിലാളി ജാഥയിലേക്കു ഓടിയെത്തുന്നു. എല്ലാര്‍ക്കും മുന്നെ അവന്റെ അമ്മ അവനിലേക്ക് പാഞ്ഞെത്തുന്വൊള്‍ കുതിരപ്പടയാളികള്‍ പാഞ്ഞു വരുന്നു. അമ്മ തന്റെ മകന്റെ ദേഹം ഉപേക്ഷിച്ച് ഒരു കൊടിയുമായ് അവര്‍ക്കെതിരെ തിരിയുന്നു... കീറിപ്പറിഞ്ഞ ഒരു കൊടിക്കു സമീപം അമ്മ മരിച്ചു കിടന്നു....