Sunday, December 16, 2007

പാവം പാവം ബ്ലോഗന്‍

ഒരു ബ്ലോഗന്റെ ദുരിത കഥ...മനസ്സില്‍ വട്ടുപിച്ച ഒരു ദിവസമാണു ഒരു ബ്ലോഗു കീച്ചിയാലോ എന്നു വിചാരിച്ചേ. വട്ടുപൂത്തു കഴിഞ്ഞാല്‍ പിന്നെ അതു കായ്ക്കാതെ ഫലം വിളഞ്ഞു പഴുക്കാതെ ഒരു ഭ്രാന്തനും സ്വസ്തത കിട്ടില്ലാ. അങ്ങനെ ചില അലുഗുലുത്തു പരിപാടികളൊക്കെ മേന്‍പൊടിചേര്‍ത്ത് ഒരു ബ്ലോഗും റെഡിയാക്കി നോബല്‍ സമ്മാനവും പ്രതീക്ഷിച്ചിരുന്നു. ആള്‍ക്കാരൊക്കെ ബ്ലോഗില്‍ വന്നു വായിച്ചു രോമാഞ്ച കഞ്ചുകം അണിയുമെന്നും പ്രണയം തുടിക്കുന്ന വാക്കുകളാല്‍ തരുണീ മണികള്‍ ( ഈ തരുണീ മണികള്‍ മുഴങ്ങുന്നതു മുഴുക്കെ ഫേക്ക് ഐഡി യില്‍ അണെന്നാണു കിം വദന്തി) കമന്റ് കീച്ചുമെന്നും സ്വപനം കണ്ടു കിടുകിടാ വിറച്ചു...ഒറ്റ എണ്ണം പോലും ആ വഴിക്കേ വന്നില്ല. വന്നവരൊക്കെ മിക്കവാറും അവശനിലയില്‍ ആവും തിരിച്ചും പോയതു.ഇനി അറ്റ കൈ പ്രയോഗിക്കാം എന്നു വിചാരിച്ച്. ഓരോരുത്തന്റെയും അടുത്തു ചെന്നു' ഞാന്‍ ഒരു പോസ്റ്റ് നാട്ടി സമയം കിട്ടുന്വോ ഒന്നു ചൊറിയണേ' എന്ന് താഴ്മയായ് അപേക്ഷിച്ചു. ബസ് സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ കറങ്ങുന്ന ചിലരോടുകാണിക്കുന്ന പരിഗണന പോലും ആരും തന്നില്ല.ബ്ലോഗ് വായിക്കാത്ത എല്ലാത്തിനിട്ടും ഞാന്‍ കൂടോത്രം നടത്തും എന്ന് മനസ്സില്‍ നിനച്ച അന്നു രാത്രി ബ്ലോഗന്‍ സുഖമായി ഉറങ്ങീ